കടിക്കാൻ ഓടിച്ചതിലെ കലി; തിരുവനന്തപുരത്ത് വളർത്തുനായയെ കമ്പി കൊണ്ട് അടിച്ചു കൊന്ന പ്രതികൾ പിടിയിൽ

വളർത്തുനായയെ കമ്പി കൊണ്ട് അടിച്ചു കൊന്ന പ്രതികൾ പിടിയിൽ. പോത്തൻകോട് അയിരൂപ്പാറ സ്വദേശികളായ യാസീൻ, മുഹമ്മദ് ദാരിഫ് എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം കാട്ടായിക്കോണത്ത് ഇന്നലെ വെളുപ്പിന് 3 മണിയോടെ ആയിരുന്നു സംഭവം. ബൈക്കിലെത്തിയ ഇവരിലെ യാസീൻ ആണ് പുറത്തിറങ്ങി കടയുടെ മുന്നിൽ കിടന്ന നായയെ കമ്പി കൊണ്ട് അടിച്ചു കൊന്നത്. നായയുടെ ഉടമയായ കരുണാകരൻ പിള്ള പോത്തൻകോട് പോലീസിൽ പരാതി നൽകി.സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞ് പിടികൂടിയത്. തുടർന്ന് കുഴിച്ചിട്ട നായയുടെ ശരീരം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. പലപ്പോഴും ഈ നായ ഇവരെ കടിക്കാനായി ഓടിച്ചിരുന്നു. അതിനാലാണ് അടിച്ചു കൊന്നതെന്ന് ഇവർ പോലീസിനോട് പറഞ്ഞത്. ഇവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലാത്തതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.