ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി ഞായറാഴ്ച അദ്ദേഹം അറിയിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി വൈകാരികമായ ഒരു പോസ്റ്റിലൂടെയായിരുന്നു 37 കാരനായ താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
"ഇന്ത്യൻ ജേഴ്‌സി ധരിച്ചും, ദേശീയഗാനം ആലപിച്ചും, ഓരോ തവണയും ഞാൻ കളിക്കളത്തിൽ ഇറങ്ങുമ്പോൾ ടീമിനുവേണ്ടി പരമാവധി നൽകാൻ ശ്രമിച്ചു - അതിന്റെ യഥാർത്ഥ അർത്ഥം വാക്കുകളിൽ വിവരിക്കുക അസാധ്യമാണ്. പക്ഷേ, അവർ പറയുന്നത് പോലെ, എല്ലാ നല്ല കാര്യങ്ങളും അവസാനിക്കണം, അതിയായ നന്ദിയോടെ ഞാൻ ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചു," പൂജാര സമൂഹമാധ്യമത്തൽ കുറിച്ചു .എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും പൂജാര കൂട്ടിച്ചേർത്തു.
103 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 55 അർധസെഞ്ച്വറികളും 19 സെഞ്ച്വറികളുമടക്കം 7195 റൺസാണ് പുജാരയുടെ സമ്പാദ്യം. 2012 ൽ അഹമ്മദാഹാദിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.206 റൺസായിരുന്നു മത്സരത്തിൽ അദ്ദേഹം നേടിയത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടില്ല.2023 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലായിരുന്നു പുജാര അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.