കടുത്ത വിമർശനം ഉയർത്തിയാണ് പാലിയേക്കര ടോൾ പ്ലാസ കേസിൽ ദേശീയ പാത അതോറിറ്റിയുടെ അടക്കം അപ്പീൽ സുപ്രീംകോടതി തള്ളിയത്. ഹൈക്കോടതി വിധിയിൽ ഇടപെടാനില്ലെന്ന് ചീഫ് ജസ്റ്റിസ് ബിആർഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മേൽനോട്ടത്തിൽ ഗതാഗതം സുഗമാമാക്കാനുള്ള നടപടികൾ തുടരണം.
കെടുകാര്യസ്ഥതയുടെ പ്രതീകമാണ് ഗട്ടറുകളും കുഴികളും നിറഞ്ഞ റോഡ്. ഈ കുഴികളിലൂടെ അടക്കം സഞ്ചരിക്കാൻ കൂടുതൽ പണം പൌരന്മാർ നൽകേണ്ടതില്ല. പൌരന്മാരുടെ ദുരവസ്ഥയിൽ ആശങ്കയുണ്ടെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല ഇതിനോടകം നികുതി പണം നൽകിയിരിക്കുന്ന പൌരന്മാർക്ക് സഞ്ചാരസ്വാതന്ത്യമുണ്ടെന്നും അതിന് കൂടുതൽ പണം നൽകേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ബ്ലാക്ക് സ്പോട്ടുകളുടെയും അടിപാതകളുടെയും നിർമ്മാണത്തിന്റെ ഉപകരാർ പിഎസ് ടി എഞ്ചിനീയറിംഗ് എന്ന കമ്പനിക്കാണെന്നും ഈ കമ്പനി പണി സമയബന്ധിതമായി പൂർത്തിയാക്കത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും കരാർ കമ്പനിയായ ഗുരുവായൂര്‍ കണ്‍സ്ട്രന്‍ഷന്‍സ് വാദം ഉന്നയിച്ചിരുന്നു. ഈ വാദം അംഗീകരിച്ച കോടതി ഹൈക്കോടതിയിലെ കേസിൽ ഉപകരാർ ഉള്ള പിഎസ് ടി എഞ്ചനീയറിംഗിനെ കക്ഷിയാക്കാനും ഉത്തരവിട്ടു. യുദ്ധക്കാല അടിസ്ഥാനത്തിൽ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടികളിൽ സ്വീകരിക്കുമെന്ന് എൻഎച്ച്എഐയ്ക്കായി ഹാജരായ സോളിസിറ്റർ ജനറൽ നൽകി ഉറപ്പ് കണക്കിലെടുക്കുന്നതായി സുപ്രീംകോടതി വ്യക്തമാക്കി.
ഗതാഗതക്കുരുക്ക് പൂർണ്ണമായി നീങ്ങുന്നസാഹചര്യത്തിൽ നിലവിലെ ഉത്തരവ് മാറ്റാൻ കക്ഷികൾക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗതം പഴപ്പടിയാകുന്നത് വരെ ടോൾ പിരിവ് നിർത്തിവെക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വീണ്ടും നീട്ടാനാകും എന്നതാണ് സുപ്രീംകോടതി വിധി സൂചിപ്പിക്കുന്നത്.