സംരക്ഷിക്കാതെയും അറ്റകുറ്റപ്പണികൾ നടത്താതെയും കൊല്ലമ്പുഴയിലെ കുട്ടികളുടെ പാർക്ക് നാശത്തിലേക്ക്

ആറ്റിങ്ങൽ: സംരക്ഷിക്കാതെയും അറ്റകുറ്റപ്പണികൾ നടത്താതെയും കൊല്ലമ്പുഴയിലെ കുട്ടികളുടെ പാർക്ക് നാശത്തിലേക്ക്. 2013ൽ സംസ്ഥാന ടൂറിസം വകുപ്പ് കഠിനംകുളം കായൽ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൊല്ലമ്പുഴയിൽ വാമനപുരം നദിയുടെ തീരത്ത് കുട്ടികൾക്കായി പാർക്ക് തുറന്നത്.
ഉദ്ഘാടനത്തിനു ശേഷം ടൂറിസംവകുപ്പ് പാർക്കിന്റെ നടത്തിപ്പ് ചുമതല ആറ്റിങ്ങൽ നഗരസഭയ്ക്ക് കൈമാറി. 2019ൽ പാർക്കിനുള്ളിൽ നഗരസഭ ഫണ്ട്‌ ഉപയോഗിച്ച് ഒരു ചരിത്രസ്മാരക കെട്ടിടവും മ്യൂസിയവും നിർമ്മിച്ചു.

ആറ്റിങ്ങൽ പട്ടണത്തിൽ വിനോദത്തിനായി മറ്റൊരു സ്ഥലമില്ലാത്തതുകൊണ്ട് അവധി ദിവസങ്ങളിൽ കൊല്ലമ്പുഴ പാർക്കിൽ നിരവധിപ്പേരാണ് എത്തിയിരുന്നത്. എന്നാൽ സെക്യുരിറ്റിയില്ലാത്തതിനാൽ രാത്രിയിൽ ഇവിടെ സാമൂഹ്യവിരുദ്ധശല്യം രൂക്ഷമായിരുന്നു. തുടർന്ന് പാർക്ക് നഗരസഭ അടച്ചിട്ടു. 2024ൽ വീണ്ടും പാർക്ക് തുറന്നെങ്കിലും ഇവിടെ കുട്ടികൾക്കും,രക്ഷിതാക്കൾക്കും മരച്ചുവടുകളിൽ ഇരിക്കാൻ മാത്രമേ പറ്റുമായിരുന്നുള്ളൂ. കളിയുപകരണങ്ങൾ തുരുമ്പെടുത്ത് നിലം പൊത്താറായതിനാൽ കുട്ടികളെ അതിൽ കയറ്റാൻ രക്ഷിതാക്കൾ മടിച്ചു.പുതിയ ആറ്റിങ്ങൽ ബൈപ്പാസിന്റെ ഒരു വശത്താണീ പാർക്ക് സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് ഏറെ വികസന സാദ്ധ്യതയുമുണ്ട്. എത്രയും വേഗം പാർക്ക് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പാർക്കിനോടു ചേർന്ന് നിർമ്മിച്ച ബോട്ടുജെട്ടി നദിയിൽ മുങ്ങി ഒഴുകിപ്പോയി.തുടർന്ന് പാർക്കിലേക്കുള്ള കുട്ടികളുടെ വരവ് കുറഞ്ഞു. പാർക്കിനുള്ളിൽ പുല്ലുകൾ വളർന്നു കാടായി.പ്രദേശം ഇഴജന്തുക്കളുടെയും, തെരുവ് നായ്ക്കളുടെയും താവളമായി.