*നാട്ടിലുള്ള കാട്ടുപന്നികളെ ഒരു വര്‍ഷം കൊണ്ട് കൊന്നുതീര്‍ക്കാൻ തീവ്രയത്‌ന പരിപാടി*

മനുഷ്യ-വന്യജീവി സംഘർഷം തടയാനുള്ള നയസമീപന രേഖയുടെ കരട് പ്രസിദ്ധീകരിച്ച്‌ വനംവകുപ്പ്. മനുഷ്യ-വന്യജിവി സംഘർഷം ലഘൂകരിക്കാൻ ഒരുവർഷത്തെ തീവ്രയത്ന പരിപാടിയാണ് ലക്ഷ്യമിടുന്നത്.

ഇതിന്റെ ഉദ്ഘാടനം 31-ന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 'കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവും മിഷൻ' എന്നാണ് പരിപാടിയുടെ പേര്.

ഇതിന്റെ ഭാഗമായി നാട്ടിലെ മുഴുവൻ കാട്ടുപന്നികളെയും പൂർണമായി ഉന്മൂലനംചെയ്യും. ഇതിനായി ഒരുവർഷം നീണ്ടുനില്‍ക്കുന്ന ജനകീയപരിപാടി നയത്തില്‍ പ്രഖ്യാപിച്ചു. കാട്ടുപന്നികള്‍ താവളമാക്കിയ കാടുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വെളുപ്പിക്കും. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ ചീഫ് വൈല്‍ഡ് വാർഡനുള്ള അധികാരം വിനിയോഗിച്ചാണ് കൊന്നൊടുക്കല്‍. യുവജന ക്ലബ്ബുകള്‍, കർഷകക്കൂട്ടായ്മകള്‍, കർഷകത്തൊഴിലാളികള്‍, റബ്ബർ ടാപ്പർമാർ, തൊഴിലുറപ്പ് തൊഴിലാളികള്‍, ഷൂട്ടർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, വനസംരക്ഷണ സമിതികള്‍ എന്നിവയുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാവും ഇത് നടപ്പാക്കുക. തദ്ദേശഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കും.

തൊഴിലുറപ്പു പദ്ധതിയില്‍ കിടങ്ങുകള്‍ കുഴിച്ചും പന്നികളെ പിടികൂടും. ഇവയെ എങ്ങനെ കൊല്ലാമെന്ന് നിയമസാധുത വിലയിരുത്തി തീരുമാനിക്കും. ഇപ്പോള്‍ വെടിവെച്ചുകൊല്ലാനാണ് അനുമതി. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള നടപടിക്രമങ്ങളും പരിഷ്കരിക്കും.

അഭിപ്രായം അറിയിക്കാം

വനംവകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കരടിനെപ്പറ്റി 27 വരെ അഭിപ്രായങ്ങള്‍ അറിയിക്കാം. അക്രമകാരികളായ വന്യജീവികളെ നേരിടാൻ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നേടിയെടുക്കും. കാനനപാതയോരത്ത് വന്യജീവികളെ ഉപദ്രവിക്കുന്നതും അവയെ ആകർഷിക്കാൻ നടത്തുന്ന ശ്രമങ്ങളും നിരീക്ഷിക്കാൻ സംവിധാനംവരും.

വന്യജീവികള്‍ കാരണമുള്ള മനുഷ്യമരണങ്ങള്‍ കുറഞ്ഞുവരുന്നതായും നയരേഖ വ്യക്തമാക്കുന്നു.

പാമ്ബുകടിയേറ്റുള്ള മരണങ്ങള്‍ ഇല്ലാതാക്കുക, നഷ്ടപരിഹാരത്തിന് ഗ്രൂപ്പ് ഇൻഷുറൻസ്, സൗരവേലികള്‍ സ്മാർട്ട് ആക്കുക തുടങ്ങിയവയാണ് നയരേഖ മുന്നോട്ടുവെക്കുന്ന മറ്റ് പരിപാടികള്‍.