കുഞ്ഞിന്റെ വീട്ടിലെ കിണറിന്റെ വെള്ളത്തില്‍ രോഗത്തിന് കാരണമായ അമീബ കണ്ടെത്തിയതാണ് അധികാരികളെ കൂടുതല്‍ ആശങ്കയിലാക്കിയത്. പ്രാഥമിക അന്വേഷണത്തില്‍ കിണറുവെള്ളമാണ് രോഗത്തിന്റെ ഉറവിടമെന്ന് വ്യക്തമായി. ഇതിന്റെ പശ്ചാത്തലത്തില്‍ സമീപ പ്രദേശങ്ങളിലെ കിണറുകള്‍ ശുചീകരിക്കുകയും അണുനാശിനി ഉപയോഗിച്ച് ശുദ്ധീകരിക്കുകയും ചെയ്യാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം അന്നശ്ശേരി സ്വദേശിയായ മറ്റൊരു യുവാവും രോഗബാധിതനായി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇതിനിടെ, താമരശ്ശേരിയില്‍ ഒന്‍പത് വയസ്സുകാരി രോഗബാധിതയായി മരണമടഞ്ഞിരുന്നു. കുട്ടിയുടെ സഹോദരങ്ങള്‍ ഉള്‍പ്പെടെ ബന്ധുക്കളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജില്‍ പരിശോധിക്കപ്പെടുകയാണ്. ജലത്തിലൂടെ പകരുകയും അതിവേഗം ജീവന്‍ ഭീഷണിയാകുകയും ചെയ്യുന്ന ഈ രോഗം പൊതുജനങ്ങളിലും ആരോഗ്യപ്രവര്‍ത്തകരിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. രോഗത്തെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ജനങ്ങളിലേക്കുള്ള ബോധവല്‍ക്കരണം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കിണറുകള്‍ക്കും മറ്റ് ജലസ്രോതസ്സുകള്‍ക്കും സ്ഥിരമായി ക്ലോറിനേഷന്‍ നടത്തേണ്ടത് അനിവാര്യമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി