കുവൈറ്റ് വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയായ യുവാവും. ഇരിണാവിലെ പൊങ്കാരൻ സച്ചിനാണ് (31) മരിച്ചത്. മൂന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന സച്ചിൻ ഏതാനും മാസം മുൻപാണ് നാട്ടിൽ വന്നു മടങ്ങിയത്. ഇരിണാവ് സിആർസിക്കു സമീപം പൊങ്കാരൻ മോഹനന്റെയും ഗിരിജയുടെയും മകനാണ്. മൃതദേഹം നാളെ നാട്ടിലെത്തിക്കും. പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം, രാവിലെ 8നു വീട്ടിലെത്തിക്കും. ഭാര്യ ഷിബിന (ഹുസ്ന ഡ്രൈവിങ് സ്കൂൾ, വളപട്ടണം). മകൾ സിയ.അതേസമയം കുവൈറ്റ് വിഷമദ്യ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. മരണം 23 ആയി. ദുരന്തത്തിൽ പെട്ടവരുടെ എണ്ണം 160 ആയി. കുവൈത്ത് ആരോഗ്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. മരിച്ചവർ എല്ലാം ഏഷ്യക്കാരാണ്. ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്. അടിയന്തര ഡയാലിസിസ്, ഐസിയു, വെന്റിലേറ്റർ എന്നിവ വേണ്ടി വന്നുവെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച മുതലാണ് മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ചതിന് പിന്നാലെ ദുരന്തമുണ്ടായത്. 21 പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തു.