ജയിൽ കഫ്ത്തീരിയയിലെ മോഷണം; 4 ലക്ഷം രൂപ മോഷണം പോയതിൽ ജയിൽ വകുപ്പിന് ഗുരുതര വീഴ്ച്ച, അന്വേഷണം വിപുലമാക്കി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര ജയിൽ കഫ്ത്തീരിയയിലെ മോഷണത്തിൽ അന്വേഷണം വിപുലമാക്കി പൊലീസ്. കള്ളനോ കള്ളനെ സഹായിച്ചവരോ സ്ഥാപനത്തിൽ തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. നാല് ലക്ഷം രൂപ മോഷണം പോയതിൽ ജയിൽ വകുപ്പിന് ഗുരുതര വീഴ്ച്ചയുണ്ടായിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.
15 ജയിൽ അന്തേവാസികളും 10 താത്കാലിക ജീവനക്കാരുമാണ് കഫറ്റീരിയിലെ ജോലിക്കാർ. ജയിൽ ഉദ്യോഗസ്ഥർക്കും ഡ്യൂട്ടിയുണ്ടാകാറുണ്ട്. താക്കോലും പണവും സൂക്ഷിച്ചിരുന്ന സ്ഥലം അടക്കം കൃത്യമായി അറിയാവുന്ന, ഇത്രയും തുക അവിടെയുണ്ടായിരുന്നു എന്നറിയാവുന്ന ആരോ മോഷണത്തിന് പിന്നിലുണ്ടെന്നാണ് പൊലീസ് സംശയം. അതിനാൽ തന്നെ ജീവനക്കാരെയും തടവുകാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനായി കഫത്തേരിയിലെ എല്ലാ ജീവനക്കാരുടെയും വിരൽ അടയാളം ശേഖരിക്കും. ഒപ്പം ജീവനക്കാരുടെ ഫോൺ വിശദാംശങ്ങളും ശേഖരിച്ചു. തടവുകാർ താത്ക്കാലിക ജീവനക്കാരുടെ ഫോൺ ഉപയോഗിച്ച് പുറത്തേക്ക് വിവരം കൈമാറിയെന്നാണ് സംശയം. തടവുകാരെ ചോദ്യം ചെയ്യണമെങ്കിൽ സൂപ്രണ്ടിന്‍റെ അനുമതി ആവശ്യം ഉള്ളതിനാൽ അതിനായുള്ള അപേക്ഷ ഉടനെ പൊലീസ് നൽകും.

കഫറ്റീരിയയിലെ സിസിടിവികൾ പ്രവർത്തിക്കാത്തതിനാൽ അവിടം വ്യക്തമായി പരിചയമുള്ള ഒരാളുടെ സഹായം മോഷണത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. കഫ്ത്തീരിയയുടെ ഒരു വശത്തെ ചില്ല് വാതിൽ തകർത്താണ് തിങ്കളാഴ്ച്ച മോഷ്ടാവ് ഓഫീസ് മുറിയിലെ മേശയിൽ നിന്ന് താക്കോൽ എടുത്താണ് പണം സൂക്ഷിച്ചിരുന്ന മുറി തുറന്നത്. അവിടെ മേശയിലുണ്ടായിരുന്ന പണമെടുത്തു. അലമാരയിലുണ്ടായിരുന്ന പണവും കവർന്നു. നാല് ദിവസത്തെ കളക്ഷൻ തുകയാണ് സുരക്ഷിതമല്ലാത്ത സ്ഥലത്ത് സൂക്ഷിച്ചിരുന്നത്. 14,15 തീയതികളിലെ വരുമാനം ശനിയാഴ്ച ട്രഷറിയിൽ അടക്കാമായിരുന്നു. പക്ഷെ അടച്ചില്ല. ഞായറാഴ്ചയും നല്ല വരുമാനമുണ്ടായി. ആ പണവും ഉള്‍പ്പെടെയാണ് നാല് ലക്ഷം കഫത്തീരിയക്ക് പിന്നിലെ മുറിയിൽ സൂക്ഷിച്ചിരുന്നത്. അതേസമയം, പൊലീസ് റിപ്പോർട്ട് വന്നതിന് ശേഷം വകുപ്പുതല നടപടിയെ കുറിച്ച് ആലോചിക്കാമെന്നാണ് ജയിൽ വകുപ്പിന്‍റെ നിലപാട്.