വെഞ്ഞാറമൂട്... ഓൺലൈൻ കെണിയൊരുക്കി യുവാവിനെ പീഡിപ്പിക്കുകയും 3 പവൻ ആഭരണം കവരുകയും ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. ചിതറ കൊല്ലായിൽ പണിക്കവിള വീട്ടിൽ സുധീർ (24), മടത്തറ സത്യമംഗലം തടത്തരികത്ത് വീട്ടിൽ മുഹമ്മദ് സൽമാൻ(19),പോരേടം മണലയം അജ്മൽ മൻസിലിൽ ആഷിക് (19),ചിതറ കൊല്ലായിൽ കോങ്കലിൽ പുത്തൻ വീട്ടിൽ സജിത്ത് (18) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാറും പൊലീസ് പടിച്ചെടുത്തിട്ടുണ്ട്.
വെഞ്ഞാറമൂട് സ്വദേശിയായ യുവാവ് ഓൺലൈൻ വഴി ഗ്രിന്റർ ഡേറ്റിംഗ് ആപ്പ് ഡൗൺലോഡ് ചെയ്തതോടെയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്.ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.അന്ന് രാത്രിയിൽ തട്ടിപ്പിനിരയായ യുവാവിനെ സൂത്രത്തിൽ വെഞ്ഞാറമൂടിന് സമീപം മുക്കുന്നൂരിലേക്ക് വിളിച്ചുവരുത്തി.തുടർന്ന് ആളൊഴിഞ്ഞയിടത്തുവച്ച് രണ്ടുപേർ കാറിൽ വച്ച് പീഡിപ്പിച്ചു. ഈ സമയത്ത് അപരിചിതരെപ്പോലെയെത്തിയ സംഘത്തിലെ മറ്റ് രണ്ട്പേരും കൂടി ചേർന്ന് യുവാവിനെ മർദ്ദിച്ച് ആഭരണം ഊരിയെടുത്തു. തുടർന്ന് പാലോട് സുമതി വളവിൽ ഇറക്കിവിടുകയുമായിരുന്നു.
തട്ടിപ്പിനിരയായയുവാവ് അടുത്ത ദിവസം വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.തട്ടിക്കൊണ്ടുപോയി പണം കവർന്നെന്ന് മാത്രമാണ് പരാതിയിൽ പറഞ്ഞിരുന്നത്.ഇതിൽ സംശയംതോന്നി യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന് പിന്നിലെ കഥകൾ പൊലീസിനോട് പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച കേസിലെ നാലാം പ്രതിയെ കുളത്തൂപ്പുഴയിൽ നിന്ന് പിടികൂടി.ഇതറിഞ്ഞ് മറ്റുള്ള പ്രതികൾ രണ്ട് ബൈക്കുകളിലായി എറണാകുളത്തേക്ക് കടക്കവേ, ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ആലപ്പുഴ പൊലീസിന് കൈമാറിയാണ് പുന്നപ്രയിൽവച്ച് ഹൈവേ പൊലീസ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കവർന്ന സ്വർണം കേസിലെ ഒന്നാം പ്രതി സുധീർ കൊല്ലം ജില്ലയിലെ ധനകാര്യ സ്ഥാപനത്തിൽ ഒന്നേകാൽ ലക്ഷത്തിന് പണയം വച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഇത്തരത്തിൽ ലക്ഷങ്ങളാണ് പ്രതികൾ സമ്പാദിച്ചതെന്ന് പൊലിസ് പറയുന്നു. ഈ തുക സുധീറിന്റെ അക്കൗണ്ടിലാണ് സൂക്ഷിച്ചിരുന്നത്.
ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ ആസാദ് അബ്ദുൽകലാം, എസ്.ഐമാരായ സജിത്ത്,ഷാൻ,രാജു,സി.പി.ഒമാരായ പ്രസാദ്,സന്തോഷ്,നജിംഷാ,മിഥുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കുടുക്കിയത്.