കിളിമാനൂരിൽ 36 കാരിയായ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.

 കിളിമാനൂർ, മലയാമഠം, ദേവേശ്വരം,ജോയി ഭവനിൽ അഞ്ചിത (നിജ) യെയാണ് വീടിന്റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

 ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളായി കിളിമാനൂർ താന്നിമൂട്ടിൽ ഉള്ള കുടുംബവീട്ടിൽ താമസിച്ചു വരുകയായിരുന്നു അഞ്ചിത.
 
ഇന്നലെ ഉച്ചയ്ക്ക് 2:00 മണിയോടെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നു എന്നു പറഞ്ഞാണ് അഞ്ചിത താന്നിമൂട്ടിലെ വീട്ടിൽ നിന്നും ഇറങ്ങിയത്. വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ അഞ്ചിത ആശുപത്രിയിൽ എത്തിയില്ലെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ ദേവേശ്വരത്തുള്ള വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അഞ്ചിതയെ അടുക്കളയിൽ തൂങ്ങിനിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. തുടർന്ന് കിളിമാനൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

 മരണകാരണം വ്യക്തമല്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അഞ്ചിത കടുത്ത മനോവിഷമത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. കിളിമാനൂർ പോലീസ് നടത്തിയ പരിശോധനയിൽ മരണക്കുറിപ്പ് കണ്ടെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. 

 ഇന്നലെ രാത്രിയോടെ കേശവപുരം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ട നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് 1:00 മണിയോടെ മൃതദേഹം ദേവേശ്വരത്തെ വസതിയിൽ എത്തിച്ചു. സംസ്കാരം ഉച്ചയ്ക്ക് 2:00 മണിയോടെ വീട്ടുവളപ്പിൽ നടക്കും.
 
അഞ്ചിതയുടെ ഭർത്താവ് ജോയി വിദേശത്ത് ജോലി നോക്കി വരികയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ഇന്ന് രാവിലെയോടെ നാട്ടിലെത്തിയിരുന്നു. 
 ഋതുനന്ദ് ഏക മകനാണ്.
.