അതേ സമയം, മിന്നൽപ്രളയത്തിൽ ഒറ്റപ്പെട്ടു പോയ ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തിൽ കലാവസ്ഥ പ്രതികൂലമായതോടെ രക്ഷപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ദുരന്തസ്ഥലത്തേക്കുള്ള റോഡുകളും തകർന്നതോടെ രക്ഷാപ്രവർത്തകർ ഇവിടേക്ക് എത്തിക്കുന്നതിലും തടസം നേരിടുകയാണ്. എത്ര പേർ ദുരന്തത്തിൽ അകപ്പെട്ടെന്ന് കൃത്യമായ കണക്കില്ലെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന കേണൽ ഹർഷവർധൻ പറഞ്ഞു.
കാലാവസ്ഥ മോശമായതും ദുരന്ത ബാധിത പ്രദേശത്തേക്ക് എത്തിപ്പെടുന്നതിലെ ബുദ്ധിമുട്ടും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. കൂടുതൽ രക്ഷാപ്രവർത്തകരെ വ്യോമമാർഗം ഇവിടേക്ക് എത്തിക്കാൻ ശ്രമത്തിലാണ് സർക്കാർ. ഉത്തരകാശിയിൽ നിന്നും ഗംഗോത്രിയിലേക്കുള്ള ദേശീയപാത പലയിടത്തും തകർന്നിരിക്കുകയാണ്. നിലവിൽ എൻഡിആർഎഫിന്റെ മൂന്ന് പുതിയ സംഘത്തെ കൂടി ഇവിടേക്ക് എത്തിക്കാനായി. ധരാലി ഗ്രാമത്തിൽ കെട്ടിടങ്ങൾ അടക്കം മണ്ണിടിഞ്ഞ് മൂടിയിരിക്കുകയാണ്.
ഇവിടെ തെരച്ചിൽ നടത്താൻ കൂടുതൽ യന്ത്രസാമഗ്രികൾ ഇവിടേക്ക് കൊണ്ടുവരണം. ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയവരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി. കുടുങ്ങിയ പോയ ഹർഷിൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ കണ്ടെത്തി. ഹർഷിൽ ആർമി ക്യാമ്പിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കാണാതായ 9 സൈനികരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. ദുരന്തസ്ഥലത്തെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായി താറുമാറായി. ഇതിനാൽ രക്ഷപ്രവർത്തകർക്ക് ആശയവിനിമയത്തിന് സാറ്റ്ലൈറ്റ് ഫോൺ നൽകി.
കാണാതായത് എത്ര പേരെന്ന് കൃതൃമായ കണക്ക് ലഭിച്ചിട്ടില്ലെന്നും ഊർജ്ജിത രക്ഷാപ്രവർത്തനം തുടരുകയാണെന്നും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന കേണൽ ഹർഷവർധൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശക്തമായ മഴ പ്രദേശത്ത് പലയിടങ്ങളിലും തുടരുകയാണ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടാണ്. മണ്ണിടിഞ്ഞ് ഹരിദ്വാർ ഡെറാഡൂൺ റെയിൽപാതയിലും ബദ്രിനാഥഅ ദേശീയപാതയിലും ഗതാഗതം തടസപ്പെട്ടു. ഇതിനിടെ ഹിമാചലിലെ കിനൌറിലും മേഘവിസ്ഫോടനത്തെ തുടർന്ന് പ്രളയസാഹചര്യമാണ്. ഇതിനിടെ കിനൌറിൽ കുടുങ്ങിയ 413 തീർത്ഥാടകരെ അതിസാഹസികമായി രക്ഷപ്പെടുത്തി. നദിക്ക് അപ്പുറം കുടുങ്ങിയവരെ വടംകെട്ടി ഐടിബിപി സുരക്ഷിതസ്ഥാനത്തേക്ക് എത്തിച്ചു