നിമിഷ പ്രിയ കേസിൽ അമ്പരപ്പിക്കുന്ന നീക്കങ്ങളും പ്രഖ്യാപനങ്ങളും നടത്തിയയാളാണ് കെ.എ പോൾ. തന്‍റെ ഇടപെടലിന്‍റെ ഫലമായി നിമിഷപ്രിയ ഉടനെ മോചിതയാകുമെന്നും ആദ്യം പ്രഖ്യാപിച്ചയാളാണ് കെ എ പോൾ. കഴിഞ്ഞ ദിവസം നിമിഷ പ്രിയയുടെ മോചനത്തിന് പണം പിരിക്കാനുള്ള ശ്രമവുമായി കെ എ പോൾ രംഗത്തെത്തിയിരുന്നു. വിദേശ കാര്യമന്ത്രാലയത്തിന്റെ പേരിൽ ബാങ്ക് അക്കൗണ്ടും പങ്കുവെച്ചായിരുന്നു 8.3 കോടി രൂപ ആവശ്യമുണ്ടെന്നായിരുന്നു കെ എ പോളിന്‍റെ പ്രചാരണം. എന്നാല്‍ പ്രചാരണം വ്യാജമെന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കി. അവകാശവാദം വ്യാജമാണെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുകയായിരുന്നു.
വിദേശകാര്യ മന്ത്രാലയത്തിലെ പേ ആൻഡ് അക്കൗണ്ട്സ് ഓഫീസറുടെ അക്കൗണ്ട് വിവരങ്ങൾ കെ എ പോളിന് എങ്ങനെ കിട്ടിയെന്നതാണ് പിന്നീട് ഉയര്‍ന്ന ചോദ്യം. ഏതാനും ആഴ്ച്ചകൾക്ക് മുൻപ് നിമിഷ പ്രിയയുടെ ഭർത്താവ് ടോമിയും മകളും നേരത്തെ ഒമാനിൽ കെ എ പോളിന് സമീപത്തെത്തുകയും ഇവർക്കൊപ്പമുള്ള വീഡിയോകൾ കെ എ പോൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിനിടെ, നിമിഷ പ്രിയയുടെ മോചനത്തിന് ദയാധനം 5.5 മില്യൺ ഡോളറായി നിശ്ചയിക്കപ്പെട്ടെന്ന് കാട്ടി സൗദിയിലെ മലയാളി വ്യവസായിയും രംഗത്തെത്തിയിരുന്നു.