ആറ്റിങ്ങൽ: നഗരസഭയുടെ ജനകീയ സംരംഭമായ വൃദ്ധസദനം മന്ദിരോദ്ഘാടനത്തിൽ മാത്രം ഒതുങ്ങിയിട്ട് 20 വർഷമായി. വയോജനങ്ങൾക്ക് ഏറെ പ്രയോജനകരമായ പദ്ധതിക്കായി 2005ൽ വലിയകുന്ന് പൈപ്പ് ലൈൻ റോഡിലാണ് കെട്ടിടം നിർമ്മിച്ചത്. വൃദ്ധസദനത്തിന്റ കെട്ടിട നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനവും ചെയ്തു. പിന്നീട് വന്ന ഭരണ സമിതികൾ നടപടികൾ സ്വീകരിക്കാതിരുന്നതിനാൽ പദ്ധതി നടപ്പാക്കാൻ കഴിയാതായി. വർഷംതോറും നഗരസഭയ്ക്ക് കിട്ടേണ്ടിയിരുന്ന വരുമാനവും നിരവധി പേരുടെ തൊഴിൽ സാദ്ധ്യതയും ഇതോടെ അവസാനിച്ചു. പിന്നീട് അടഞ്ഞ കെട്ടത്തിൽ മാസത്തിലൊരിക്കൽ നഗരസഭ വയോജന മിത്രം പദ്ധതിയിലൂടെ 60 വയസ്സ് കഴിഞ്ഞവർക്കുള്ള മരുന്നുകൾ നൽകുന്നതിന് വേണ്ടി തുറന്നു കൊടുത്തിരുന്നു. ഇപ്പോൾ അത് അടുത്തുള്ള അങ്കണവാടിയിലേക്ക് മാറ്റിയെന്ന ബോർഡ്മാത്രമാണ് ഉള്ളത്. കാലപ്പഴക്കവും സംരക്ഷണമില്ലായ്മയും മൂലം മഴസമയത്ത് കെട്ടിടത്തിന്റെ പല സ്ഥലത്തും ചോർന്നലിക്കുന്നു. കെട്ടിടം നനഞ്ഞ് ബലക്ഷയവും ഉണ്ടായിട്ടുണ്ട്. കെട്ടിടവും പരിസരവും കാടുമൂടി കിടക്കുകയുമാണ്.