16 പന്തിൽ ഫിഫ്റ്റിയും 42 പന്തിൽ സെഞ്ച്വറിയും നേടിയ സഞ്ജു സാംസണിൻ്റെ (121) മാസ്മരിക ഇന്നിങ്സാണ് കൊച്ചിക്ക് അവിശ്വസനീയമായ ജയം സമ്മാനിച്ചത്. അവസാന പന്തിൽ സിക്സറടിച്ച് മുഹമ്മദ് ആഷിഖാണ് കൊല്ലത്തെ ഞെട്ടിച്ചത്.ഷറഫുദീൻ എറിഞ്ഞ അവസാന ഓവൽ അത്യന്തം നാടകീയതകൾ നിറഞ്ഞതായിരുന്നു. ഈ ഓവറിൽ 17 റൺസാണ് കൊച്ചിക്ക് വേണ്ടിയിരുന്നത്. രണ്ട് സിക്സും ഒരു ഫോറും പിറന്ന ഓവറിൽ ഒരു റണ്ണൗട്ടും കൂടി ഉൾപ്പെട്ടിരുന്നു.
നാലാമത്തെ പന്തിൽ ആൽഫി റണ്ണൗട്ടായിരുന്നു. അഞ്ചാമത്തെ പന്തിൽ റണ്ണൊന്നും നേടാനാകാതെ വന്നതോടെ അവസാന പന്തിൽ ആറ് റൺസ് വേണമെന്ന നിലയായി. എന്നാൽ ലോങ് ഓണിലേക്ക് ഒരു കൂറ്റൻ സിക്സർ പറത്തിയാണ് ആഷിഖ് ടീമിനെ ജയിപ്പിച്ചത്.സഞ്ജു സാംസൺ (51 പന്തിൽ 121) സെഞ്ച്വറിയുമായി തിളങ്ങി. അവസാന ഓവറുകളിൽ കത്തിക്കയറിയ മുഹമ്മദ് ആഷിഖിൻ്റെ (18 പന്തിൽ 45*) ഇന്നിങ്സും കൊച്ചിയുടെ ജയത്തിൽ നിർണായകമായി. സഞ്ജു സാംസൺ ഏഴ് സിക്സറും 14 ബൗണ്ടറികളും പറത്തി. സ്കോർ - കൊച്ചി ബ്ലൂ ടൈഗേഴ്സ്, 237/6 (20 ഓവർ).
നേരത്തെ ഏരീസ് കൊല്ലം സെയ്‌ലേഴ്സിനായി വിഷ്ണു വിനോദ് (41 പന്തിൽ 94), സച്ചിൻ ബേബി (44 പന്തിൽ 91) എന്നിവരുടെ ഇന്നിങ്സുകളാണ് കൊല്ലത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. സ്കോർ, 236-5 (20 ഓവർ)