ഒരു ചാക്ക് നിറയെ ബല്‍ജിയം രത്‌നങ്ങൾ, നെന്മണി പോലെ ചാക്കുകളിൽ നിറച്ച സ്വർണം, 18 അടി നീളമുള്ള സ്വർണമാല; ബി നിലവറ വീണ്ടും ചർച്ചകളിൽ

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകൾ തുറക്കുന്നത് വീണ്ടും ചർച്ചയാകുമ്പോൾ ഒന്നര നൂറ്റാണ്ടിലേറെയായി ഇരുൾ മൂടിക്കിടക്കുന്ന നിധിശേഖരം വീണ്ടും വാർത്തകളിൽ നിറയുന്നു. അറകളിലെ സൂക്ഷിപ്പുകളുടെ കണക്ക് എടുക്കണമെന്ന സുപ്രീം കോടതി നിർദേശത്തെ തുടർന്ന് 2011 ജൂണിൽ ബി നിലവറ ഒഴികെയുള്ളവ തുറന്ന് കോടിക്കണക്കിനു രൂപ വിലവരുന്ന നിധിശേഖരം കണ്ടെത്തിയിരുന്നു. ഒരാള്‍ക്കു കുനിഞ്ഞു മാത്രം നില്‍ക്കാന്‍ കഴിയുന്ന അറയിലാണു നിധിശേഖരം ഉണ്ടായിരുന്നത്. ആയിരക്കണക്കിനു സ്വര്‍ണമാലകള്‍, രത്‌നം പതിച്ച സ്വര്‍ണക്കിരീടങ്ങള്‍, സ്വര്‍ണക്കയര്‍, സ്വര്‍ണക്കട്ടികള്‍, സ്വര്‍ണവിഗ്രഹം, ഒരു ചാക്ക് നിറയെ നെല്‍മണിയുടെ വലുപ്പത്തില്‍ സ്വര്‍ണമണികള്‍, സ്വര്‍ണ ദണ്ഡുകള്‍, ചാക്ക് നിറയെ രത്‌നങ്ങള്‍ എന്നിവ കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാല്‍ ബി നിലവറ തുറക്കുന്നത് ആചാരലംഘനമാണെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയര്‍ന്നതിനാല്‍ നടപടികള്‍ മാറ്റിവയ്ക്കുകയായിരുന്നു. ബി നിലവറ 1990 ലും 2002ലുമായി പല തവണ തുറന്നിട്ടുണ്ടെന്നു സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഓഡിറ്റര്‍ വിനോദ് റായി റിപ്പോര്‍ട്ടു നല്‍കിയിരുന്നു. എന്നാല്‍, നിലവറയുടെ ആദ്യ അറ മാത്രമേ തുറന്നിട്ടുള്ളുവെന്നു തിരുവിതാംകൂര്‍ രാജകുടുംബം പറയുന്നു. ശ്രീകോവിലിന് സമീപം ഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്ന അറകളിൽ വായു സഞ്ചാരം ഇല്ലാത്തതിനാല്‍ അഗ്നിരക്ഷാസേന അറയിലേക്ക് വായു പമ്പു ചെയ്തു കൊടുത്താണ് എ നിലവറയിലേക്ക് അന്ന് ഉദ്യോഗസ്ഥർക്ക് ഇറങ്ങാനായത്.

എ നിലവറയില്‍നിന്ന് രണ്ടായിരത്തോളം ശരപ്പൊളി സ്വര്‍ണമാലകള്‍ കണ്ടെടുത്തിരുന്നു. പിറന്നാള്‍ പോലുള്ള വിശേഷാവസരങ്ങളില്‍ കൊട്ടാരത്തിലുള്ളവരും മറ്റും ശ്രീപത്മനാഭനു കാണിക്കയായി സമര്‍പ്പിച്ചവയായിരിക്കണം ശരപ്പൊളി മാലയെന്നാണു കരുതുന്നത്. ഒരു ചാക്ക് നിറയെ ബല്‍ജിയം രത്‌നങ്ങളും കണ്ടെടുത്തു. രണ്ടായിരത്തോളം മാലകളില്‍ നാലെണ്ണത്തിന് 2.2 കിലോ തൂക്കമുണ്ട്. ഇവയ്ക്കു 18 അടി നീളമുണ്ടെന്നാണു അന്ന് പുറത്തുവന്ന വാര്‍ത്തകള്‍. 12 ഇഴകളായി നിര്‍മിച്ച മാലയാണിത്. ഇതിന്റെ ലോക്കറ്റുകളില്‍ കോടികള്‍ വിലവരുന്ന മാണിക്യ, മരതക രത്‌നങ്ങളാണ്. ഒരു ലോക്കറ്റില്‍ 997 വൈരക്കല്ലുകള്‍, 19.5 ലക്ഷം സ്വര്‍ണനാണയങ്ങള്‍ (രാശിപ്പണം), സ്വര്‍ണം പൊതിഞ്ഞ 14,000 അര്‍ക്ക പുഷ്പങ്ങള്‍ ഒക്കെയാണെന്നാണ് എ നിലവറയില്‍ കണ്ടെത്തിയ വസ്തുക്കളെക്കുറിച്ചു വിദഗ്ധ സമിതി റിപ്പോർട്ടിനെ ഉദ്ധരിച്ച് പുറത്തു വന്ന വാർത്തകൾ. ബി നിലവറ കൂടി തുറക്കുന്നതോടെ ശ്രീപത്മനാഭൻ്റെ പേരിലെ സമ്പാദ്യം എത്രയെന്ന് ഏകദേശ രൂപം ലഭിക്കും.