18 മണിക്കൂർ നീണ്ട ദൗത്യം, കൂട്ടത്തോടെ വെടിവച്ച് കൊന്നത് 50 കാട്ടുപന്നികളെ

വാണിയംകുളം: വന്യ ജീവികളുടെ ശല്യം രൂക്ഷമായ മേഖലയിൽ ഉപദ്രവകാരികളായ കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവെച്ചുകൊന്നു. വാണിയംകുളത്താണ് 18 മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് 50 കാട്ടുപന്നികളെ കൊന്നൊടുക്കിയത്. മലപ്പുറം, പാലക്കാട് ജില്ലകളിലെ അംഗീകാരമുള്ള 9 ഷൂട്ടർമാരും 20 ഓളം സഹായികളും ചേർന്നായിരുന്നു ദൗത്യം നടത്തിയത്. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും, വാണിയംകുളം പഞ്ചായത്തും സംയുക്തമായാണ് കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. 

വാണിയംകുളം ഗ്രാമപഞ്ചായത്തിലെ 12, 13,6,7,9 എന്നീ 5 വാർഡുകളിൽ ആയിരുന്നു കാട്ടുപന്നി വേട്ട നടന്നത്. മറ്റൊരു സംഭവത്തിൽ മൂന്നാറിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ പിടികൂടി കൊന്നെന്ന പരാതിയിൽ മൂന്നാർ പഞ്ചായത്തിനെതിരെ പൊലീസ് നടപടി തുടങ്ങി. ഇടുക്കി അനിമൽ റെസ്ക്യൂ ടീം നൽകിയ പരാതിയിൽ മൂന്നാർ പൊലീസ് കേസെടുത്തു. മൂന്നാർ പഞ്ചായത്തിന്‍റെ വാഹനം ഓടിക്കുന്ന ഡ്രൈവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

ഈ വാഹനത്തിൽ തെരുവ് നായ്ക്കളെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സഹിതം ആയിരുന്നു ഇടുക്കി അനിമൽ റെസ്ക്യൂ ടീം പരാതി നൽകിയത്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 200 ലധികം തെരുവ് നായ്ക്കളെ പിടികൂടി ജീവനോടെ കുഴിച്ചിട്ടു എന്നാണ് മൂന്നാർ പഞ്ചായത്തിനെതിരെ ഉയർന്ന പരാതിയിൽ പറയുന്നത്.