ടോൾ കടക്കാൻ ഇനി വെറും 15 രൂപ മതി, പുതിയ ഫാസ്‍ടാഗ് തുടങ്ങാൻ ഇനി രണ്ടുദിവസം മാത്രം

രാജ്യത്ത് വാർഷിക ടോൾ പാസ് പദ്ധതി ഓഗസ്റ്റ് 15 മുതൽ ആരംഭിക്കാൻ പോകുകയാണ്. ഈ പാസ് വാങ്ങുന്ന വാഹന ഉടമകൾക്ക്, ഒരു വർഷത്തേക്ക് ടോളിൽ വലിയ തുക നൽകേണ്ടി വരില്ല. പുതിയ വാർഷിക ഫാസ്‍ടാഗിലൂടെ വെറും 15 രൂപയ്ക്ക് ടോൾ പ്ലാസകൾ കടക്കാൻ കഴിയുമെന്ന് അടുത്തിടെ റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി ഈ പാസിനെക്കുറിച്ച് പറഞ്ഞിരുന്നു. ഈ പാസിന്റെ വില 3000 രൂപയാണ്. അതിൽ 200 യാത്രകൾ ഉൾപ്പെടുന്നു. ഒരു യാത്ര എന്നാൽ ടോൾ പ്ലാസ ഒരിക്കൽ കടക്കുക എന്നാണ്. അതായത് ഒരു ടോളിന് 15 രൂപ മാത്രമേ ചെലവാകൂ. ഇതാ വാർഷിക ടോൾ പാസിനെക്കുറിച്ച് അറിയേണ്ടതെല്ലാം.


ഫാസ്റ്റ്ടാഗ് വാർഷിക പാസ് എന്താണ്?

വാർഷിക ടോൾ പാസ് ഒരുതരം പ്രീപെയ്ഡ് ടോൾ സ്‍കീമാണ്. ഇത് കാറുകൾ, ജീപ്പുകൾ, വാനുകൾ തുടങ്ങിയ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. പുതിയ പാസ് പ്രഖ്യാപിക്കുമ്പോൾ, 60 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസകളുമായി ബന്ധപ്പെട്ട ദീർഘകാല ആശങ്കകൾ പരിഹരിക്കാനും താങ്ങാനാവുന്ന വിലയിലുള്ള ഒറ്റ ഇടപാടിലൂടെ ടോൾ പേയ്‌മെന്റുകൾ ലളിതമാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിലൂടെയും തിരക്ക് കുറയ്ക്കുന്നതിലൂടെയും തർക്കങ്ങൾ കുറയ്ക്കുന്നതിലൂടെയും ദശലക്ഷക്കണക്കിന് സ്വകാര്യ വാഹന ഉടമകൾക്ക് വേഗതയേറിയതും എളുപ്പവുമായ യാത്രാ അനുഭവം നൽകാനാണ് വാർഷിക പാസ് ലക്ഷ്യമിടുന്നത്.




പുതിയ ഫാസ്‍ടാഗ് വേണ്ട

ഇതിനായി ആളുകൾക്ക് പുതിയ ടാഗ് വാങ്ങേണ്ടതില്ല. പകരം അത് നിങ്ങളുടെ നിലവിലുള്ള ഫാസ്റ്റ് ടാഗുമായി ലിങ്ക് ചെയ്യപ്പെടും. നിങ്ങളുടെ നിലവിലുള്ള ഫാസ്റ്റ് ടാഗ് ആക്ടീവായിരിക്കുകയും നിങ്ങളുടെ വാഹന രജിസ്ട്രേഷൻ നമ്പറുമായി ലിങ്ക് ചെയ്യുകയും വേണം. എൻഎച്ച്എഐയുടെയും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെയും (MoRTH) കീഴിലുള്ള ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലും മാത്രമേ ഈ പദ്ധതി ബാധകമാകൂ. ഓൺലൈനിൽ ആവർത്തിച്ച് റീചാർജ് ചെയ്യേണ്ട ആവശ്യമില്ല എന്നത് ദൈനംദിന യാത്രക്കാർക്ക് പ്രത്യേകിച്ചും ഉപയോഗപ്രദമാക്കുന്നു. ഈ പാസ് കൈമാറ്റം ചെയ്യാൻ കഴിയില്ല. രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയൂ.

ഫാസ്റ്റ് ടാഗ് വാർഷിക പാസ് എവിടെയാണ് പ്രവർത്തിക്കുക?

നാഷണൽ ഹൈവേകളിലും (എൻ‌എച്ച്) എൻ‌എച്ച്‌എ‌ഐ നടത്തുന്ന നാഷണൽ എക്സ്പ്രസ് വേകളിലും (എൻ‌ഇ) സ്ഥിതിചെയ്യുന്ന ടോൾ പ്ലാസകളിൽ മാത്രമേ ഫാസ്റ്റ് ടാഗ് വാർഷിക പാസ് പ്രവർത്തിക്കൂ. ഉദാഹരണത്തിന്, ഡൽഹി-മുംബൈ എക്സ്പ്രസ് വേ, മുംബൈ-നാസിക്, മുംബൈ-സൂറത്ത്, മുംബൈ-രത്‌നഗിരി റൂട്ടുകൾ മുതലായവ. സംസ്ഥാന ഹൈവേകളിലോ മുനിസിപ്പൽ ടോൾ റോഡുകളിലോ, നിങ്ങളുടെ ഫാസ്റ്റ് ടാഗ് സാധാരണപോലെ പ്രവർത്തിക്കും, ടോൾ പതിവുപോലെ ഈടാക്കും. അതായത് മുംബൈ-പൂനെ എക്സ്പ്രസ് വേ, മുംബൈ-നാഗ്പൂർ എക്സ്പ്രസ് വേ (സമൃദ്ധി മഹാമാർഗ്), അടൽ സേതു, ആഗ്ര-ലക്നൗ എക്സ്പ്രസ് വേ, ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേ, അഹമ്മദാബാദ്-വഡോദര എക്സ്പ്രസ് വേ എന്നിവിടങ്ങളിൽ ടോൾ പതിവുപോലെ ഈടാക്കും. കാരണം ഈ പാതകളെല്ലാം അതാത് സംസ്ഥാന അധികൃതരാണ് പ്രവർത്തിപ്പിക്കുന്നത്.

ഫാസ്ടാഗ് വാർഷിക പാസ് എങ്ങനെ ആക്ടീവാക്കാം?

ഫാസ്റ്റ് ടാഗ് വാർഷിക പാസ് ആക്ടീവാക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ ഹൈവേ മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് (ഐഎച്ച്എംസിഎൽ) ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വാർഷിക പാസുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഐഎച്ച്എംസിഎൽ വിജ്ഞാപനത്തിൽ ഉത്തരം നൽകിയിട്ടുണ്ട്. കൂടാതെ, ഫാസ്റ്റ് ടാഗിന്റെ വാർഷിക പാസ് സജീവമാക്കുന്ന രീതിയും വ്യക്തമാക്കിയിട്ടുണ്ട്.

ഐ‌എച്ച്‌എം‌സി‌എൽ അനുസരിച്ച്, രാജ്മാർഗ്യാത്ര മൊബൈൽ ആപ്പും എൻ‌എച്ച്‌എ‌ഐ പോർട്ടലും സന്ദർശിച്ച് മാത്രമേ ഫാസ്റ്റ് ടാഗ് വാർഷിക പാസ് ആക്ടീവാക്കാൻ കഴിയൂ. ഈ പാസ് ആദ്യം ഉടമകൾ തങ്ങളുടെ വാഹനത്തിന്റെ യോഗ്യതയും അതിൽ ഇൻസ്റ്റാൾ ചെയ്ത ഫാസ്റ്റ് ടാഗും പരിശോധിക്കേണ്ടതുണ്ട്. പരിശോധന പൂർത്തിയായിക്കഴിഞ്ഞാൽ, 3000 രൂപ അടയ്ക്കണം.

ഉപയോക്താവ് 3000 രൂപ അടച്ചതായി സ്ഥിരീകരിച്ചതിന് ശേഷം രണ്ട് മണിക്കൂറിനുള്ളിൽ ഫാസ്റ്റ് ടാഗ് വാർഷിക പാസ് സജീവമാക്കും. ഈ ആക്ടിവേഷൻ നിങ്ങളുടെ നിലവിലുള്ള ഫാസ്റ്റ് ടാഗിൽ മാത്രമേ സംഭവിക്കൂ. ഫാസ്റ്റ് ടാഗ് വാർഷിക പാസിനായി നിങ്ങൾ ഒരു പുതിയ ഫാസ്റ്റ് ടാഗ് വാങ്ങേണ്ടതില്ല. ഫാസ്റ്റ് ടാഗ് വാർഷിക പാസിൽ പണമടയ്ക്കുന്നതിലൂടെ, അടുത്ത ഒരുവർഷത്തേക്ക് അല്ലെങ്കിൽ 200 ടോൾ ക്രോസിംഗുകൾ വരെ നിങ്ങൾക്ക് സാധുത ലഭിക്കും.

ഈ പാസിന്റെ വില 3000 രൂപയായി നിലനിർത്തിയിട്ടുണ്ട്. അതിൽ 200 യാത്രകൾ ഉൾപ്പെടുന്നു. ഒരു യാത്ര എന്നാൽ ടോൾ പ്ലാസ ഒരിക്കൽ കടക്കുക എന്നാണ്. അതായത് ഒരു ടോളിന് 15 രൂപ മാത്രമേ ചെലവാകൂ. നിലവിൽ, ടോൾ പ്ലാസ 200 തവണ കടക്കുന്നതിന് ഏകദേശം 10,000 രൂപ ചിലവാകും. എന്നാൽ പുതിയ പദ്ധതി അനുസരിച്ച് 3000 രൂപ മാത്രമേ ചെലവാകൂ. അതായത് പാസഞ്ചർ വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഏകദേശം 7000 രൂപ നേരിട്ട് ലാഭിക്കാം. ഈ പാസ് ഒരുവർഷത്തേക്ക് സാധുതയുള്ളതായിരിക്കും. ഒരു വർഷം അവസാനിക്കുന്നതിന് മുമ്പ് നിങ്ങൾ 200 ടോളുകൾ കടന്നാൽ, അതിന്റെ സാധുത കാലഹരണപ്പെടും. ഇതിനുശേഷം നിങ്ങൾ വീണ്ടും റീചാർജ് ചെയ്യേണ്ടിവരും.