അടിയന്തരസേവനങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള നമ്പരായ 112 ല്‍ പുതിയ സംവിധാനം കൂടി ചേര്‍ത്ത് കേരള പോലീസ്. വെബ് റിക്വസ്റ്റ്, ചാറ്റ് ബോട്ട് എന്നീ സംവിധാനങ്ങളാണ് പുതിയായി ഇപ്പോള്‍ ചേര്‍ത്തിരിക്കുന്നത്. കോള്‍, എസ് എം എസ്, എസ് ഒ എസ് എന്നിവയിലൂടെ മാത്രമായിരുന്നു നേരത്തെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാൻ കഴിഞ്ഞിരുന്നത്. ഇതിന് പുറമേയാണ് ഇപ്പോള്‍ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഇനി വെബ് റിക്വസ്റ്റ്, ചാറ്റ് ബോട്ട് എന്നീ സംവിധാനങ്ങളിലൂടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. അതോടൊപ്പം എല്‍ ബി എസ്, ഇ എല്‍ എസ് സംവിധാനങ്ങള്‍ മുഖേന പരാതിക്കാരൻ പറയാതെ തന്നെ അദ്ദേഹത്തിൻ്റെ തല്‍സമയ ലൊക്കേഷൻ തിരിച്ചറിയാൻ സാധിക്കുകയും അതിലൂടെ എത്രയും വേഗം പോലീസ് സഹായം നല്‍കുവാനും സാധിക്കുന്നു.തടസ്സമില്ലാതെ ആശയവിനിമയം നടത്തുന്നതിനായി പോലീസ് വാഹനങ്ങളില്‍ ടാബ് കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ജി പി എസ് സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ എവിടെ നിന്ന് 112 ലേക്ക് വിളിച്ചാലും തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തിലെ കണ്‍ട്രോള്‍ റൂമിലേക്ക് കോള്‍ എത്തുന്നു. ഉദ്യോഗസ്ഥര്‍ അതിവേഗം കോള്‍ സ്വീകരിച്ച് സേവനം എത്തിക്കേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹനങ്ങളിലേക്ക് സന്ദേശം കൈമാറും.
ജി പി എസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമില്‍ അറിയാനാകും. ആ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ടാബിലേക്കാണ് സന്ദേശം എത്തുന്നത്. ഇതനുസരിച്ച് പോലീസുദ്യോഗസ്ഥര്‍ക്ക് അതിവേഗം പ്രവര്‍ത്തിക്കാനാകും. കൂടാതെ, ഔട്ട് ഗോയിങ്ങ് സൗകര്യമില്ലാത്തതോ താത്ക്കാലികമായി പ്രവര്‍ത്തനരഹിതമായിരിക്കുന്ന ഫോണുകളില്‍ നിന്നും112ലേക്ക് വിളിക്കാവുന്നതാണ്. കേരള പോലീസിൻ്റെ ഔദ്യോഗിക ആപ്പായ പോള്‍ ആപ്പിലെ എസ് ഒ എസ് ബട്ടണിലൂടെയും ഈ സേവനം ലഭ്യമാകുന്നതാണ്. അതേസമയം, അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഈ സേവനം പ്രയോജനപ്പെടുത്താൻ പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.