കടയ്ക്കാവൂരില്‍ കാമുകന്മാരും അമ്മയും ചേർന്ന് എട്ട് മാസം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന കേസ്; 10 വർഷത്തിന് ശേഷം ക്ലൈമാക്‌സിലേക്ക്

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മയും കാമുകന്മാരും ചേര്‍ന്ന് എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വെള്ളത്തില്‍ മുക്കികൊന്ന കേസില്‍ കുറ്റം ചുമത്തൽ നടപടികൾക്കായി പ്രതികളെ ഈ മാസം 21 ന് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പ്രതികളായ കുഞ്ഞിന്റെ അമ്മ ചന്ദ്രപ്രഭ, ഓട്ടോ ഡ്രൈവർ അജേഷ്, പ്രവാസിയായ വിതുര സ്വദേശി സനല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.കുഞ്ഞിന്റെ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരം ഹാജരാക്കിയിട്ടുണ്ട്. 2015 മെയ് എട്ടിനായിരുന്നു സംഭവം. കുഞ്ഞിനെ ഉപേക്ഷിച്ചാല്‍ കൂടെ താമസിപ്പിക്കാമെന്ന് കാമുകന്മാര്‍ പറഞ്ഞതു പ്രകാരമായിരുന്നു കൊലപാതകമെന്നാണ് ചന്ദ്രപ്രഭ പറഞ്ഞത്. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം കടയ്ക്കാവൂരിന് സമീപം കീഴാറ്റിങ്ങലില്‍ കാമുകന്‍ സനൽ വാടകക്ക് എടുത്തുകൊടുത്ത വീട്ടിലാണ് ചന്ദ്രപ്രഭ താമസിച്ചിരുന്നത്. ജീവിതമാർഗമായി ഓട്ടോയും എടുത്ത് നൽകി. ഓട്ടോ ഡ്രൈവറായി സമീപവാസിയായ അജേഷ് എത്തിയതോടെ യുവതി ഇയാളുമായും പ്രണയത്തിലായി.

ഇവർ തമ്മിലുള്ള ബന്ധത്തിൽ സനലിന് സംശയമുണ്ടായിരുന്നു. ഇതിനിടെയാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിനെ സ്വീകരിക്കാൻ രണ്ട് കാമുകന്മാരും തയ്യാറായില്ല. ഇതോടെയാണ് ഇവരുടെ അറിവോടെ കുഞ്ഞിനെ കൊല്ലാൻ തീരുമാനിച്ചത്. കുഞ്ഞില്ലെങ്കിൽ സ്വീകരിക്കാമെന്ന് കാമുകന്മാർ പറഞ്ഞതിനാലാണ് കുഞ്ഞിനെ വധിച്ചതെന്നാണ് പ്രതി ചന്ദ്രപ്രഭ പൊലീസിനോട് സമ്മതിച്ചത്.ഉറക്കത്തില്‍ താന്‍ അറിയാതെ കുട്ടിയുടെ മേല്‍ കിടന്ന് ശ്വാസം മുട്ടി മരിച്ചതാകാമെന്നായിരുന്നു കുഞ്ഞിൻ്റെ മരണത്തിൽ ചന്ദ്രപ്രഭയുടെ ആദ്യത്തെ മൊഴി. പിന്നീട് കുഞ്ഞ് അബദ്ധത്തില്‍ വെള്ളത്തില്‍ വീണ് മരിച്ചതാകാമെന്നും പറഞ്ഞു. പക്ഷെ പോസ്റ്റ്‌മോർട്ടം ഫലത്തിൽ കുഞ്ഞിൻ്റെ ആമാശയത്തിലും ശ്വാസകോശത്തിലും അമിതമായി വെള്ളമുണ്ടെന്ന് കണ്ടെത്തി. ഇതോടെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് അമ്മ ചന്ദ്രപ്രഭയെ വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് ഇവർ കുറ്റസമ്മതം നടത്തിയത്.

സംഭവ ദിവസം അതിരാവിലെ കുഞ്ഞിനെയും കൊണ്ട് വീടിൻ്റെ ടെറസിലേക്ക് പോയ യുവതി, കുഞ്ഞിനെ വാട്ടർ ടാങ്കിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രപ്രഭയ്ക്ക് എതിരെ കൊലക്കുറ്റവും മറ്റ് രണ്ട് പ്രതികൾക്കെതിരെ കൊലപാതകത്തിനുള്ള പ്രേരണ കുറ്റവും ചുമത്തിയാണ് കേസെടുത്തത്. കേസന്വേഷണത്തിനിടെ താൻ മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന ചന്ദ്രപ്രഭയുടെ വാദവും പൊലീസിനെ ചുറ്റിച്ചിരുന്നു.