*ജൂലായ് അഞ്ചിന് ദുരന്തം സംഭവിക്കുമെന്ന പ്രവചനം, പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു, ഇതുവരെ ഉണ്ടായത് ആയിരത്തിലധികം ഭൂകമ്പങ്ങൾ*

ചൈനയിലും ജപ്പാനിലും ജൂലായ് അഞ്ചിന് വലിയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമെന്ന പ്രവചനത്തിന് പിന്നാലെ ജപ്പാനിലെ തോകാര ദ്വീപ സമൂഹത്തിലെ കഗോഷിമ ദ്വീപിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കഗോഷിമ ദ്വീപിൽ 89 താമസക്കാരാണുള്ളത്

. ഇവരെ കപ്പലിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ജൂൺ 21 മുതൽ വ്യത്യസ്ത തീവ്രതയുള്ള ആയിരത്തിലധികം ഭൂകമ്പങ്ങൾ തോകാര ദ്വീപ സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. തീരത്ത് നിന്ന് ഏകദേശം 20 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. എന്നാൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.
തോഷിമയിൽ ​ ആകെ ഏഴ് ദ്വീപുകളുണ്ട്, അവിടെ ആകെ 668 പേർ താമസിക്കുന്നുണ്ടെന്ന് ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച പ്രാദേശിക സമയം പുലർച്ചെ രണ്ടു മണിയോടെ മമി ഒഷിമ ദ്വീപിലെ നാസെ തുറമുഖത്ത് നിന്ന് ആദ്യ സംഘം പുറപ്പെട്ടതായാണ് റിപ്പോർട്ട്. ഇവർക്കായി ഒരുക്കിയ താത്കാലിക കേന്ദ്രങ്ങളിൽ ഒരാഴ്തയോളം താമസിപ്പിക്കും. തുടർ ഭൂകമ്പങ്ങളുടെ തോത് അനുസരിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളുടെ പ്രവർത്തനം നീട്ടാനും സാദ്ധ്യതയുണ്ട്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയിലെ നിരവധി ദ്വീപുകളിൽ നിന്ന് ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് ഉടൻ തന്നെ ഒരു വലിയ ഭൂകമ്പം ഉണ്ടാകുമെന്ന ആശങ്കയ്ക്കിടയാക്കിയിരുന്നു. ഇതുവരെ ആകെ 1,031 ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലായ് 5 ന് ജപ്പാനിൽ ഒരു വലിയ ദുരന്തം സംഭവിക്കുമെന്ന പ്രവചനവും ജനങ്ങളുടെ ഭയം ഇരട്ടിയാക്കി.
ഭൂകമ്പത്തെ ജാപ്പനീസ് ബാബ വാംഗ എന്നറിയപ്പെടുന്ന റിയോ തത്സുകിയുടെ ജൂലായ് അഞ്ചിലെ ദുരന്ത പ്രവചനവുമായി ബന്ധപ്പെടുത്തിയാണ് ആളുകൾ കാണുന്നത്. തത്സുകിയുടെ പുസ്തകമായ ദി ഫ്യൂച്ചർ ഐ സോയിൽ ജൂലായ് അഞ്ചിന് പുലർച്ചെ 4.18ന് വലിയൊരു ദുരന്തമുണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ജപ്പാനും ഫിലീപ്പിൻസിനും ഇടയിൽ കടലിനടിയിൽ വലിയ വിള്ളലുണ്ടാകുമെന്നും 2011ലെക്കാൾ വലിയ തിരമാലകളുണ്ടാകുമെന്നാണ് പുസ്തകത്തിൽ പറയുന്നത്.പ്രവചനത്തെ തുടർന്ന് പലരും ജപ്പാൻ,​ ചൈന,​ ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഉൾപ്പെടെ റദ്ദാക്കിയിരുന്നു. എന്നാൽ പ്രവചനത്തെ തള്ളി അധികൃതർ രംഗത്തെത്തി. ഇത്തരം പ്രചാരണങ്ങൾക്ക് യാതൊരു ശാസ്ത്രീയ അടിത്തറയില്ലെന്നും ഇവർ വിശദീകരിച്ചു. റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്ന സജീവ ഭൂകമ്പ മേഖലയിലാണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്. ഒരു വർഷം ചെറുതും വലുതുമായ 1500ൽ അധികം ഭൂചലനങ്ങൾ ജപ്പാനിൽ രേഖപ്പെടുത്താറുണ്ട്