അമേരിക്കൻ സ്വദേശിയുടെ തിരുവനന്തപുരം നഗരത്തിലെ വീടും സ്ഥലവും, ഒന്നര കോടിക്ക് ഉടമ അറിയാതെ മറിച്ചുവിറ്റു; ആധാരമെഴുത്തുകാരനായ പ്രതി പിടിയിൽ

തിരുവനന്തപുരം: വ്യാജരേഖ ചമച്ചും ആൾമാറാട്ടം നടത്തിയും നഗരത്തിലെ വീടും സ്ഥലവും വിദേശവാസിയായ ഉടമ അറിയാതെ ഒന്നരക്കോടി രൂപയ്ക്ക് മറിച്ചുവിറ്റ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തട്ടിപ്പിന്‍റെ പ്രധാന സൂത്രധാരൻ വെണ്ടർ അനന്തപുരി മണികണ്ഠന്റെ അനുജനായ ആറ്റുകാൽ പുത്തൻകോട്ട സ്വദേശി മഹേഷാണ് പിടിയിലായത്. വ്യാജമായുണ്ടാക്കിയ ആധാരം ജനറേറ്റ് ചെയ്‌തിരിക്കുന്നതും ആധാരമെഴുത്തുകാരനായ മഹേഷിന്റെ ലൈസൻസ് നമ്പർ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മ്യൂസിയം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ആധാരം രജിസ്റ്റർ ചെയ്യണമെങ്കിൽ ഇ - സ്റ്റാമ്പ് ജനറേറ്റ് ചെയ്യുകയും രജിസ്റ്റർ ഫീസ് അടയ്ക്കുകയും ചെയ്യണം. ഇതിനായി മഹേഷിന്റെ യൂസർ ഐ ഡിയും പാസ്‌വേർഡും ഉപയോഗിച്ചാണ് വ്യാജമായി നിർമ്മിച്ച ധനനിശ്ചയ ആധാരവും വിലയാധാരവും ജനറേറ്റ് ചെയ്‌തിരിക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.


അമേരിക്കയിൽ താമസിക്കുന്ന ഡോറ അസറിയ ക്രിപ്‌സിന്റെ വസ്തുവും വീടുമാണ് മെറിൻ ജേക്കബ് എന്നയാൾക്ക് ഉടമയറിയാതെ എഴുതിക്കൊടുക്കുകയും പിന്നാലെ ചന്ദ്രസേനൻ എന്നയാൾക്ക് മറിച്ചുവിൽക്കുകയും ചെയ്തത്. ഡോറയുടെ വളർത്തുമകളാണ് മെറിൻ ജേക്കബെന്ന് വരുത്തിത്തീർത്താണ് വസ്തു കൈമാറ്റം നടത്തിയത്. ഡോറയുടെ വളര്‍ത്തു മകളെന്ന വ്യാജേന മെറിന്റെ പേരില്‍ ജനുവരിയിൽ വസ്തു രജിസ്റ്റര്‍ ചെയ്തായിരുന്നു തട്ടിപ്പ്. വസ്തുവിന്റെ മേല്‍നോട്ടത്തിനു ഡോറ ചുമതലപ്പെടുത്തിയിരുന്ന കെയര്‍ടേക്കര്‍ കരം അടക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പിന്നാലെയാണ് പരാതി നൽകിയത്.

കേസിൽ മെറിൻ ജേക്കബിനെയും ഡോറയായി ആൾമാറാട്ടം നടത്തിയ വസന്തയെയും പൊലീസ് നേരത്തെ പിടികൂടിയിരുന്നു. വ്യാജമായി ആധാരവും മറ്റ് രേഖകളുമുണ്ടാക്കിയെന്ന് സംശയിക്കുന്ന അനന്തപുരി മണികണ്ഠൻ ഒളിവിലാണ്. തട്ടിപ്പിനായി മെറിന്റെ ആധാര്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയിരുന്നു. ആധാര്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മെറിന്‍ പിടിയിലായത്. വ്യാജ പ്രമാണം, വ്യാജ ആധാര്‍ കാര്‍ഡ്, എന്നിവ മ്യൂസിയം പൊലീസ് കണ്ടെത്തുകയും രജിസ്ട്രാര്‍ ഓഫീസിലെ രേഖകള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഫിംഗര്‍ പ്രിന്‍റ് ബ്യൂറോയുടെ സഹായത്താല്‍ വിരലടയാളങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും. ഒളിവിലുള്ള അനന്തപുരി മണികണ്ഠനെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാണെന്ന് പൊലീസ് വ്യക്തമാക്കി.