ഇനി ഒരിക്കലും നടക്കില്ലെന്നു കരുതിയ ആഗ്രഹത്തെ കൈപ്പിടിയിലാക്കിയ സന്തോഷത്തിലാണു ജില്ലയിലെ ആദ്യ വനിത എക്‌സൈസ് ഇന്‍സ്‌പെക്ടറായ ബിസ്മി ജസീറ. ആദ്യ പോസ്റ്റിങ് സ്വന്തം ജില്ലയില്‍ കൂടിയായപ്പോള്‍ ഈ ഹരിപ്പാട്ടുകാരിയുടെ സന്തോഷം ഇരട്ടിയായി. എക്‌സൈസ് യൂണിഫോമിലേക്കുള്ള തന്റെ യാത്രയക്കുറിച്ച സംസാരിക്കുകയാണ് ബിസ്മി.
ചെറുപ്പം മുതലേ യൂണിഫോമിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഉയരം കുറവായതിനാല്‍ എസ്‌ഐ പരീക്ഷ എഴുതാന്‍ സാധിച്ചില്ല. അങ്ങനെ ഇരുന്നപ്പോഴാണ് 2019-ല്‍ വനിതാ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. നോട്ടിഫിക്കേഷനില്‍ പറഞ്ഞിരുന്നതിലും കൂടുതല്‍ ഉയരം എനിക്കുണ്ടായിരുന്നു. സ്വപ്ന സഫലീകരണത്തിനൊപ്പം സാമൂഹിക സേവനത്തിനുള്ള അവസരം കൂടിയാണ് എനിക്ക് ഈ ജോലി.
പ്രചോദനം അമ്മ
റോള്‍ മോഡലായ അമ്മ ബീഗം താഹിറ തന്നെയാണു വിജയത്തിനു പിന്നിലും. റവന്യൂ സര്‍വീസിലായിരുന്നു അമ്മ ജോലി ചെയ്തിരുന്നത്. ഡെപ്യൂട്ടി കളക്ടറായാണു വിരമിച്ചത്. മികച്ച തഹസില്‍ദാറായിരുന്നു. എന്തു കാര്യമായാലും അമ്മ വളരെ ഭംഗിയായി കൈകാര്യം ചെയ്യും. മറ്റുള്ളവരെ സഹായിക്കാനുള്ള ആഗ്രഹവും സാമൂഹിക പ്രതിബദ്ധതയുമൊക്കെ അമ്മയില്‍ നിന്നാണു കിട്ടിയത്.
പുതുതലമുറയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഒരവസരം
കുട്ടികളിലേക്കിറങ്ങി ചെല്ലാന്‍ അവസരമൊരുക്കുന്ന പ്രൊഫഷനാണിത്. പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മറ്റു സേനകള്‍ക്കു വഹിക്കാനുള്ളതിലും കുറച്ചധികം പങ്ക് എക്‌സൈസിനു വഹിക്കാനുണ്ട്. ഈ പ്രൊഫഷനിലേക്ക് എന്നെ ആകര്‍ഷിച്ച മറ്റൊരു പ്രധാന ഘടകവും ഇതാണ്.
കുട്ടികളില്‍ ഒറ്റപ്പെടല്‍
വില്ലനാകും
ഒറ്റപ്പെടലാണു പലപ്പോഴും കുട്ടികളെ ലഹരി ഉപയോഗത്തിലേക്കു നയിക്കുന്നത്. ഇതൊഴിവാക്കാന്‍ ചെറുപ്പം മുതലെ കുട്ടികളെ സോഷ്യലൈസ് ചെയ്യിക്കണം. വീടുകളിലെ തുറന്ന ചര്‍ച്ചയും കുട്ടികളെ നേര്‍വഴിക്കു നയിക്കാന്‍ അത്യാവശ്യമാണ്.
കുടുംബമാണ് കരുത്ത്
എട്ടാം ക്ലാസുകാരന്‍ മുഹമ്മദ് റിഹാനാണ് അമ്മ യൂണിഫോമിട്ട ജോലി തിരഞ്ഞെടുത്താല്‍ മതിയെന്നു കട്ടായം പറഞ്ഞത്. മറ്റു ജോലികള്‍ക്ക് അവസരം വന്നപ്പോഴും അവനാണ് വേണ്ടെന്നു പറഞ്ഞത്. ദൂരെപോവേണ്ടി വന്നാലും അമ്മ യൂണിഫോമിട്ട ജോലി ചെയ്താല്‍ മതിയെന്നാണ് അവന്‍ പറഞ്ഞതെന്നു ബിസ്മി പറയുന്നു. ജീവിതപങ്കാളി ഹഷീര്‍ മുഹമ്മദും പിതാവ് ബഷീറും മറ്റു കുടുംബാംഗങ്ങളുമെല്ലാം എല്ലാത്തിനും ഒപ്പമുണ്ട്.
അഭിമാന നിമിഷത്തില്‍ ബിസ്മി ജസീറ
ഇനി ഒരിക്കലും നടക്കില്ലെന്നു കരുതിയ ആഗ്രഹത്തെ കൈപ്പിടിയിലാക്കിയ സന്തോഷത്തിലാണു ജില്ലയിലെ ആദ്യ വനിതാ എക്‌സൈസ് ഇന്‍സ്‌പെക്ടറായ ബിസ്മി ജസീറ. ആദ്യ പോസ്റ്റിങ് സ്വന്തം ജില്ലയില്‍ കൂടിയായപ്പോള്‍ ഈ ഹരിപ്പാട്ടുകാരിയുടെ സന്തോഷം ഇരട്ടിയായി. എക്‌സൈസ് യൂണിഫോമിലേക്കുള്ള തന്റെ യാത്രയെ കുറിച്ചു ബിസ്മി.