കുളത്തുപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ പ്രതി മരിച്ച നിലയിൽ

കൊല്ലം: കൊല്ലം കുളത്തുപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര സ്വദേശി സാനുക്കുട്ടനാണ് ( 45 ) മരിച്ചത്. വീടിന് സമീപത്തെ വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ് തിരച്ചിൽ തുടരുകയായിരുന്നു. വനം വകുപ്പിന്‍റെ ഡോഗ് സ്ക്വാഡിന്‍റെ സഹായത്തോടെ പ്രതി സാനുക്കുട്ടനുവേണ്ടി വനമേഖലയിൽ ഇന്ന് വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭാര്യ രേണുകയെ സാനുക്കുട്ടൻ കൊലപ്പെടുത്തിയത്. കത്രിക ഉപയോഗിച്ചാണ് രേണുകയെ സാനുകുട്ടൻ കുത്തിക്കൊലപ്പെടുത്തിയത് കുളത്തുപ്പുഴയിലെ വീട്ടിൽ രേണുകയും ഭർത്താവ് സാനുക്കുട്ടനും രേണുകയുടെ അമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. മക്കൾ സ്കൂളിൽ പോയിരുന്ന സമയത്ത് ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് തുടങ്ങി. വഴക്കിനിടെ കത്രിക കൊണ്ട് സാനുക്കുട്ടൻ ഭാര്യയെ ആക്രമിക്കുകയായിരുന്നു.

കഴുത്തിൽ അടക്കം ആഴത്തിൽ കുത്തേറ്റു. ഗുരുതര പരിക്കുകളോടെ രേണുകയെ ആദ്യം കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടും പോകും വഴി മരിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. പ്രതിക്ക് സംശയരോഗമാണെന്നാണ് രേണുക അമ്മ നൽകിയ മൊഴി.