കല്ലടത്തണ്ണി: പോരേടം കല്ലടത്തണ്ണിയിൽ മുള്ളൻ പന്നി ആകസ്മികമായി റോഡിനു കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. കുരിയോട് സ്വദേശിയും തൈക്കാവിലെ മദ്രസ അദ്ധ്യാപകനുമായ നൗഷാദ് എന്നയാളാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാത്രി ഏകദേശം 8:30 ഓടെയാണ് സംഭവം നടന്നത്. മദ്രസയുടെ ജോലി കഴിച്ചു വീട്ടിലേക്ക് മടങ്ങുന്നതിനിടെ, കല്ലടത്തണ്ണി ഭാഗത്ത് മുള്ളൻ പന്നി ബൈക്കിന് മുന്നിൽ കുറുകെ ചാടി. ഇതേ തുടർന്ന് നൗഷാദ് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കിൽ നിന്നു തെറിച്ച് റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ സമീപവാസികളും വഴിയാത്രക്കാരും ചേർന്ന് നൗഷാദിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചു. തുടർചികിത്സയ്ക്കായി പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
വന്യമൃഗശല്യങ്ങൾ കാരണം പോരേടം-കല്ലടത്തണ്ണി മേഖലയിലെ റോഡുകളിൽ ഈയിടെ വാഹനാപകടങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ ഈ വഴി യാത്ര ചെയ്യുന്ന ഇരുചക്ര വാഹനയാത്രികർ ജാഗ്രത പാലിക്കേണ്ടതാണ് എന്ന് അധികൃതരുടെ നിർദ്ദേശമുണ്ട്