ലുലു മാളിന് സമീപം കാര്‍ പാര്‍ക്ക് ചെയ്യും, കുടുംബത്തോടെ ഗ്രൂപ്പുകളായി തിരിഞ്ഞ് മോഷണം; മാല കവർന്ന ഒരാൾ കൂടി പിടിയിൽ.

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ മാല കവര്‍ന്ന കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. തമിഴ്‌നാട് തിരുവള്ളൂർ സ്വദേശിനിയായ രതിയെ വഞ്ചിയൂർ പോലീസ് പാലക്കാടുനിന്ന് അറസ്റ്റുചെയ്തു. പ്രതികൾക്കെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ഒട്ടേറെ മോഷണക്കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആയുർവേദ കോളജ് ഭാഗത്ത് ബസിൽവെച്ചാണ് തിരുവനന്തപുരം സ്വദേശിയായ ശോഭകുമാരിയുടെ 10 പവന്‍റെ സ്വർണമാല ഒരു സംഘം മോഷ്ടിച്ചത്. ഈ കേസിൽ തമിഴ്‌നാട് തിരുവള്ളൂർ സ്വദേശിയായ ഇളയരാജയെ നേരത്തേ പൊള്ളാച്ചിയിൽനിന്ന് പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇളയരാജയുടെ കുടുംബവും സുഹൃത്തുക്കളുമടക്കമുള്ള സംഘമാണ് പൊങ്കാലയ്ക്കിടെ മോഷണം പ്ലാൻ ചെയ്ത് തിരുവനന്തപുരത്തെത്തിയത്. മോഷണം തൊഴിലാക്കിയ തിരുട്ട് കുടുംബമാണ് ഇവരുടേത്. പൊങ്കാല ദിവസം കാറിലെത്തിയ സംഘം ലുലുമാളിനടുത്ത് കാർ പാർക്ക് ചെയ്ത ശേഷം ബസിലും ഓട്ടോയിലുമായി കിഴക്കേകോട്ടയിലെത്തി. മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരം ഉച്ചയ്ക്ക് 1.30 ഓടെ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ബസിൽ കയറി മോഷണം ആരംഭിച്ചു. മോഷണം നടത്തിയശേഷം കാറിൽ കയറി രക്ഷപ്പെടുകയാണ് ഇവരുടെ രീതി. അന്നും സംഘം കാറിൽ മുങ്ങി. പിന്നാലെ, രതിയെക്കുറിച്ചുള്ള വിവരം ലഭിക്കുകയും മോഷണത്തിന് ശേഷം ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച ഡസ്റ്റർ കാറും പിടിച്ചെടുക്കുകയും ചെയ്തു.