തലമുറ മാറ്റവുമായി ടീം ഇന്ത്യ
ടീം ഇന്ത്യയുടെ തലമുറമാറ്റം അടിവരയിടുന്നതാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര. രോഹിത് ശര്‍മ്മയും വിരാട് കോലിയും ഇല്ലാത്ത ടെസ്റ്റ് ടീമിൽ ശുഭ്‌മാന്‍ ഗില്‍ നായകനായി അരങ്ങേറും. നിലവിലെ ഇന്ത്യന്‍ ടെസ്റ്റ് ടീമിൽ 100 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ആരും തന്നെയില്ല. 50 ടെസ്റ്റിനു മുകളിൽ കളിച്ചത് രവീന്ദ്ര ജഡേജയും കെ എൽ രാഹുലും മാത്രം.
ആകാംക്ഷയായി ഇലവന്‍
അതിനാല്‍ തന്നെ ഹെഡിംഗ്‍ലിയില്‍ ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രോഹിത്തിന് പകരം കെ എൽ രാഹുൽ, യശസ്വി ജയ്സ്വാളിന്‍റെ ഓപ്പണിംഗ് പങ്കാളിയാകും. ഓസ്ട്രേലിയൻ പര്യടനത്തിൽ രോഹിത് പതറിയപ്പോൾ രാഹുലാണ് ജയ്സ്വാളിനൊപ്പം ഇന്നിംഗ്സ് തുറന്നത്. മൂന്നാം സ്ഥാനത്തിനായി മത്സരിക്കുന്നത് യുവതാരം സായ് സുദർശനും, നീണ്ട കാത്തിരിപ്പിനൊടുവിൽ ടീമിലേക്ക് തിരിച്ചത്തിയ മലയാളി താരം കരുൺ നായരും. വിരാട് കോലിയുടെ നാലാം നമ്പറിൽ ക്യാപ്റ്റൻ ശുഭ്‌മാന്‍ ഗിൽ ക്രീസിലെത്തും. അഞ്ചാമനായി വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഇറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്.
ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജയും നിതീഷ് കുമാർ റെഡ്ഡിയും ഇടംപിടിക്കുമ്പോള്‍ ജസ്‌പ്രീത് ബുമ്രക്കൊപ്പം പേസ് ആക്രമണം നയിക്കാൻ ആരൊക്കെ എത്തുമെന്നാണ് മറ്റൊരു ആകാംക്ഷ. കൂടുതൽ സാധ്യത മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണയ്ക്കുമാണ്. രവീന്ദ്ര ജഡേജയ്ക്കൊപ്പം സ്പിൻ ബൗളിംഗിൽ കുൽദീപ് യാദവായിരിക്കും പങ്കാളി.
ഹെഡിംഗ്‍ലി തലവേദന
ഇംഗ്ലണ്ടിലെ പേസും സ്വിംഗുമുള്ള പിച്ചുകളിൽ ഇംഗ്ലീഷ് ബൗളർമാരെ അതിജീവിക്കുകയാണ് ഇന്ത്യൻ ബാറ്റർമാരുടെ ഏറ്റവും വലിയ വെല്ലുവിളി. ആദ്യ മത്സരം നടക്കുന്ന ഹെഡിംഗ്‍ലി ഇന്ത്യക്കെന്നും തലവേദനയാണ്. ഇതിന് മുൻപ് 2002-ലാണ് ടീം ഇന്ത്യ ഹെഡിംഗ്‍ലിയില്‍ ഒരു ടെസ്റ്റ് മത്സരം ജയിച്ചത്. ബെൻ സ്റ്റോക്ക്സ് നയിക്കുന്ന ഇംഗ്ലണ്ട് നിരയിൽ ജോ റൂട്ടിനെയും ഹാരി ബ്രൂക്കിനെയും പിടിച്ചുകെട്ടുകയാണ് ബുമ്രയുടെ ആദ്യ കടമ്പ. സീനിയർ ഓൾറൗണ്ടർ ക്രിസ് വോക്സ് തിരിച്ചെത്തിയതും ഇംഗ്ലണ്ട് ടീമിന് കരുത്തേകുന്നു. ബ്രണ്ടൻ മക്കല്ലം കോച്ചായി എത്തിയതോടെ ടെസ്റ്റ് മത്സരങ്ങളിൽ വ്യക്തമായ ആധിപത്യം ഇംഗ്ലണ്ടിനുണ്ട്. കളിച്ച 35 ടെസ്റ്റുകളിൽ തോറ്റത് എട്ടിൽ മാത്രം. ബോർഡർ-ഗവാസ്കർ ട്രോഫിയിലും ന്യൂസിലൻഡ് പരമ്പരയിലും കനത്ത തിരിച്ചടി നേരിട്ട ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീറിനും ഇംഗ്ലീഷ് ടെസ്റ്റ് പരമ്പര നിർണായകമാണ്.