എല്ലാ ഇരുചക്രവാഹനങ്ങളിലും എബിഎസ് നിര്‍ബന്ധമാക്കി

2026 ജനുവരി 1 മുതല്‍ സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി. എന്‍ജിന്‍ വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.നിലവില്‍, 125 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ എബിഎസ് നിര്‍ബന്ധമുള്ളൂ. അതായത് ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. റൈഡര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കും. സ്‌കിഡ് ചെയ്യാനോ ക്രാഷ് ചെയ്യാനോ ഉള്ള സാധ്യത കുറയ്ക്കാനും ഇത് ഉപകരിക്കും. എബിഎസിന് അപകട സാധ്യത 35 ശതമാനം മുതല്‍ 45 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.എബിഎസിന് പുറമേ, പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും. നിലവില്‍ ഒരു ഹെല്‍മെറ്റ് മാത്രമാണ് നല്‍കുന്നത്. റൈഡറുടെയും പിന്‍സീറ്റ് യാത്രികന്റെയും സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഇന്ത്യയിലെ റോഡപകട മരണങ്ങളില്‍ 44 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. ഈ മരണങ്ങളില്‍ പലതും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ ഫലമായി തലയ്ക്ക് പരിക്കേറ്റാണ് സംഭവിക്കുന്നത്.