‍ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ: നാലം​ഗസമിതി ഇന്ന് അന്വേഷണം തുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണങ്ങളുടെ ക്ഷാമത്തെപ്പറ്റി ഡോ ഹാരിസ് ചിറക്കലിന്‍റെ വെളിപ്പെടുത്തലിലുള്ള അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും. ഇന്നലെയാണ് അന്വേഷണ സമിതിയെ നിയോഗിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കിയത്. ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ നാലംഗ അന്വേഷണ സമിതിയെ നിയോഗിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സമിതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ആരുമില്ല.
സമൂഹമാധ്യമങ്ങളില്‍ ഡോ ഹാരിസ് നടത്തിയ പോസ്റ്റും മാധ്യമങ്ങളില്‍ നല്‍കിയ പ്രതികരണങ്ങളും കണക്കിലെടുത്താണ് പരിശോധനക്ക് വിദഗ്ധസമിതിക്ക് രൂപം നല്‍കിയത്. ആലപ്പൂഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ ബി.പത്മകുമാര്‍, കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ടി.കെ ജയകുമാര്‍, ആലപ്പുഴ മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ എസ്. ഗോമതി, കോട്ടയം യൂറളജി വിഭാഗം മേധാവി ഡോ രാജീവന്‍ അമ്പലത്തറക്കല്‍ എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്.