ഒടുവിൽ എയർ ഇന്ത്യയുടെ സഹായം സ്വീകരിച്ച് ബ്രിട്ടൺ; തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം ഹാംഗറിലേക്ക് മാറ്റും

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം ഹാംഗറിലേക്ക് മാറ്റും. എയർ ഇന്ത്യയുടെ ഹാംഗറിലേക്കാകും അമേരിക്കൻ നിർമിത എഫ്-35 മാറ്റുക. വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി പ്രത്യേകസംഘം യുകെയിൽ നിന്ന് എത്തിയാലുടൻ വിമാനം ഹാംഗറിലേക്ക് മാറ്റുമെന്ന് ബ്രിട്ടീഷ് ഹൈ കമ്മീഷൻ വക്താവ്. ഇന്ത്യയുടെ എല്ലാ പിന്തുണയ്ക്കും നന്ദിയെന്നും പ്രതികരണം. തിരുവനന്തപുരം വിമാനത്താവളത്തിൽ തുടരുന്ന യുദ്ധവിമാനം എഫ്-35ബിക്ക് ഹാങ്ങർ സ്ഥലം നൽകാമെന്ന എയർ ഇന്ത്യയുടെ വാ​ഗ്ദാനം ബ്രിട്ടീഷ് റോയൽ നേവി നേരത്തെ നിരസിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ തന്നെ തുടരാമെന്നാണ് ബ്രിട്ടീഷ് നേവി അറിയിച്ചിരുന്നത്.
സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35-ബിയുടെ തിരിച്ചു പോക്ക് ദിവസങ്ങളായി അനിശ്ചിത്വതിൽ തുടരുകയായിരുന്നു. സാങ്കേതിക തകരാർ ഇതുവരെ പരിഹരിക്കാനായിട്ടില്ല. തകരാർ പരിഹരിക്കാനായി യുദ്ധക്കപ്പലിൽ നിന്നെത്തിയ വിദഗ്ധരും പൈലറ്റും നേരത്തെ തിരിച്ചുപോയിരുന്നു.

അമേരിക്കൻ നിർമിത എഫ്-35ബി ലോകത്ത് ഏറ്റവും ചെലവേറിയ യുദ്ധവിമാനമാണ്. സാങ്കേതിക വിദ്യ ഒരിക്കലും മറ്റാരും പരിശോധിക്കാതിരിക്കാനാണ് ഹാംഗർ സ്ഥലം അനുവദിക്കാനുള്ള എയർ ഇന്ത്യയുടെ വാഗ്ദാനം റോയൽ നേവി നിരസിച്ചതിന്റെ പ്രധാന കാരണമെന്നും പേരുവെളിപ്പെടുത്താത്ത വൃത്തങ്ങൾ പറഞ്ഞു.