നിലപാട് കൊണ്ടും നിലവാരം കൊണ്ടും മുന്‍പേ നടന്ന കലാകാരന്‍: ഷൗക്കത്തിന് അഭിനന്ദവുമായി രമേഷ് പിഷാരടി

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് ആശംസകളുമായി നടനും സംവിധായകനുമായ രമേശ് പിഷാരടി. ചലച്ചിത്ര മേഖലയില്‍ നിന്നും നിലപാട് കൊണ്ടും നിലവാരം കൊണ്ടും മുന്‍പേ നടന്ന കലാകാരനാണ് ആര്യാടന്‍ ഷൗക്കത്ത് എന്ന പൊതുപ്രവര്‍ത്തകന്‍ എന്ന് രമേഷ് പിഷാരടി പറഞ്ഞു. ആര്യാടന്‍ ഷൗക്കത്ത് ഇക്കയ്ക്ക് അഭിനന്ദനങ്ങള്‍ എന്നും പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.11077 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്. 77,737 വോട്ടുകളാണ് ആര്യാടന്‍ ഷൗക്കത്ത് ആകെ നേടിയത്. എം സ്വരാജ് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി വി അന്‍വര്‍ 19,760 വോട്ടുകളും നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന് ലഭിച്ചത് 8,648 വോട്ടുകളായിരുന്നു.വോട്ടെണ്ണലിൻ്റെ ആദ്യ മിനുറ്റുകള്‍ മുതല്‍ കാര്യമായ മുന്‍കൈ ആര്യാടന്‍ ഷൗക്കത്ത് നേടിയിരുന്നു. രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നില്‍. പോത്തുകല്ല് ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോള്‍ ചില ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് നേരിയ മുന്‍തൂക്കം നേടാന്‍ സാധിച്ചത്.