കൊല്ലത്ത് ദേശീയപാത സര്‍വീസ് റോഡ് ഇടിഞ്ഞുതാഴ്ന്നു; സംഭവം നിര്‍മാണം നടക്കുന്ന പാലത്തറ ജങ്ഷനില്‍

ദേശീയപാത നിര്‍മാണം നടക്കുന്ന കൊല്ലം പാലത്തറ ജങ്ഷനില്‍ സര്‍വീസ് റോഡ് ഇടിഞ്ഞുതാഴ്ന്നു. അപകടാവസ്ഥ ചൂണ്ടിക്കാണിച്ചിട്ടും അധികൃതര്‍ അവഗണിച്ചെന്ന് നാട്ടുകാര്‍. ഓടയുടെ പണി നടക്കുന്ന സര്‍വീസ് റോഡാണ് ഇടിഞ്ഞത്. സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം താത്കാലികമായി തടഞ്ഞു.

കൊല്ലം എന്‍ എസ് സഹകരണ ആശുപത്രി ജങ്ഷനിലാണ് കൊല്ലം ബൈപ്പാസിലെ സര്‍വീസ് റോഡ് ഓട നിര്‍മാണത്തിനിടെ ഇടിഞ്ഞുതാഴ്ന്നത്. റോഡിന്റെ 30 മീറ്റര്‍ നീളത്തില്‍ രണ്ട് മീറ്റര്‍ വീതിയില്‍ മണ്ണിടിഞ്ഞു. കഴിഞ്ഞ നാല് ദിവസമായി എന്‍ എച്ച് കരാറുകാരായ ശിവാലയ കണ്‍സ്ട്രക്ഷനെ നാട്ടുകാരും ഓട്ടൊ തൊഴിലാളികളും നേരിട്ട് അറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.അശാസ്ത്രീയമായാണ് റോഡ് നിര്‍മാണമെന്ന് സി പി ഐ എം പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടി. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയെന് ഇരവിപുരം എസ് എച്ച് ഒ പറഞ്ഞു. സര്‍വീസ് റോഡിന്റെയും ഓടയുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ നാല് ദിവസം വേണ്ടിവരുമെന്ന് കരാര്‍ കമ്പനി സേഫ്റ്റി ഓഫീസര്‍ ജഫ്രുള്‍ ഹുസൈന്‍ പറഞ്ഞു.