പുറത്തിറങ്ങിയാൽ ഇനിയും വിവാഹം, അതിന് കാരണവുമുണ്ട്; വിവാഹ തട്ടിപ്പിന് അറസ്റ്റിലായ രേഷ്മ പൊലീസിനോട് പറഞ്ഞ കഥ ഇങ്ങനെ..

തിരുവനന്തപുരം: വിവാഹ തട്ടിപ്പുകേസിൽ അറസ്റ്റിലായ എറണാകുളം സ്വദേശിനി പൊലീസിനോട് പറഞ്ഞത് തന്നെ ഇനിയുള്ള കാലം ജയിലിൽ തന്നെ ഇടണമെന്ന്. പുറത്തിറങ്ങിയാൽ താൻ ഇനിയും ഈ തെറ്റുകൾ ആവർത്തിക്കുമെന്നും യുവതി പറയുന്നു. സ്നേഹം തേടിയാണ് താൻ ഇത്രയേറെ വിവാഹം കഴിച്ചതെന്നാണ് എറണാകുളം ഉദയംപേരൂർ സ്വദേശിനി രേഷ്മ പൊലീസിനോട് പറഞ്ഞതെന്നാണ് റിപ്പോർട്ട്.

സ്നേഹം ലഭിക്കാത്തതിനാലാണ് നിരവധി ബന്ധങ്ങളിലേക്ക് പോയതെന്നാണ് രേഷ്മ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ‘‘ എന്നെ ജയിലിൽ അടയ്ക്കണം. പുറത്തിറക്കരുത്. പുറത്തിറങ്ങിയാൽ തെറ്റുകൾ ആവർത്തിക്കും’’– രേഷ്മ പൊലീസിനോട് പറഞ്ഞു. സംസ്കൃതം ന്യായത്തിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും ചെയ്യുന്നെന്നാണ് രേഷ്മ പൊലീസിനോടു പറഞ്ഞത്. മാർച്ച് ഒന്നിന് വിവാഹം ചെയ്ത ആളിനൊപ്പമാണ് രേഷ്മയുടെ കുഞ്ഞും അമ്മയും താമസിക്കുന്നതെന്നു പൊലീസ് പറഞ്ഞു.

യുവതിയുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് യുവതി പത്തോളം വിവാഹങ്ങൾ കഴിച്ചതെന്ന നി​ഗമനത്തിലാണ് പൊലീസ്. രേഷ്മയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ. കോടതി റിമാൻഡ് ചെയ്ത രേഷ്മ നിലവിൽ അട്ടക്കുളങ്ങര വനിതാ ജയിലിലാണുള്ളത്. യുവതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.

2014ൽ എറണാകുളം സ്വദേശിയെയാണ് രേഷ്മ ആദ്യം വിവാഹം ചെയ്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയെ 2022 ൽ വിവാഹം ചെയ്തു. ട്രെയിൻ യാത്രയ്ക്കിടയിൽ പരിചയപ്പെട്ട അങ്കമാലി സ്വദേശി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികൾ തുടങ്ങിയവരെയും വിവാഹം ചെയ്തു. വിവാഹശേഷം കൂടുതൽ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിയോടൊപ്പമാണെന്നാണു വിവരം. ഭൂരിഭാഗം പേരെയും ഒരാഴ്ചയ്ക്കു ശേഷം ഉപേക്ഷിച്ചു കടന്നുകളയുകയാണ് രീതി. ഇവർക്ക് ഇതിനിടയിൽ ഒരു മകനും ജനിച്ചു. പിടിയിലാകുമ്പോൾ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവർക്കും വിവാഹവാഗ്ദാനം നൽകിയിരുന്നു.

നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിനായി 5ന് തിരുവനന്തപുരത്തേക്ക് രേഷ്മ എത്തിയത് വിവാഹവാഗ്ദാനം നൽകിയിരുന്ന കോട്ടയം സ്വദേശിക്കൊപ്പമാണ്. വിവാഹപരസ്യം നൽകുന്ന ഗ്രൂപ്പിലൂടെയാണ് പഞ്ചായത്തംഗം രേഷ്മയെ പരിചയപ്പെട്ടത്. പഞ്ചായത്ത് അംഗം സുഹൃത്തിന്റെ വീട്ടിലാണ് രേഷ്മയെ താമസിപ്പിച്ചത്. പ്രതിശ്രുത വധുവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സുഹൃത്തിന്റെ ബന്ധുക്കൾ രേഷ്മ വിതുരയിലെ ബ്യൂട്ടിപാർലറിലേക്കു പോയ സമയം വീട്ടിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചു. അതിൽ മറ്റെ‌ാരാളുമായുള്ള വിവാഹത്തിന്റെ രേഖകൾ ലഭിച്ചതോടെ ആര്യനാട് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

സർട്ടിഫിക്കറ്റുകൾ എടുക്കാനുണ്ടെന്നു പറഞ്ഞാണ് രേഷ്മ വിവാഹശേഷം ഓരോ വീടുകളിൽനിന്നും മുങ്ങിയത്. ബിഹാറിലെ സ്കൂളിൽ അധ്യാപികയാണെന്നും പറഞ്ഞിട്ടുണ്ട്. വിവാഹം കഴിച്ചവരുടെ വീടുകളിലേക്ക് ഇടയ്ക്കിടെ വിളിക്കാറുണ്ട്. അതിനാൽ ആർക്കും അധികം സംശയമുണ്ടായിട്ടില്ല. ഓൺലൈൻ വിവാഹ പരസ്യങ്ങൾ കണ്ട് ആദ്യം അമ്മയെന്നു പറഞ്ഞു വിളിക്കുന്ന രേഷ്മ തന്നെയാണ് പിന്നീട് വധുവെന്ന രീതിയിൽ സംസാരിക്കുന്നതും.