മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി

നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ട്.മമ്മൂട്ടിയെ കൂടാതെ എറണാകുളം മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥിയുമായ ദാക്ഷായണി വേലായുധന്റെ ജീവിതവും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബി എ ഓണേഴ്‌സ് ചരിത്ര വിദ്യാര്‍ത്ഥികളുടെ സിലബസിലാണ് ദാക്ഷായണി വേലായുധന്റെ ജീവിതവും പഠന വിഷയമായി ഉള്‍പ്പെടുത്തിയത്. ഇവരെ കൂടാതെ, വനിതകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും പ്രയത്‌നിച്ച തപസ്വിനിയമ്മ, കേരളത്തില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള ആദ്യ വനിത വക്കീല്‍ ഫാത്തിമ റഹ്മാന്‍, മഹാരാജാസ് കോളജിലെ ആദ്യ പിന്നാക്കക്കാരനായ പ്രിന്‍സിപ്പല്‍ പ്രൊഫ. പി എസ് വേലായുധന്‍ എന്നിവരെയും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.