ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി യുഎസ് നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഖത്തറിലെ യുഎസ് സൈനിക താവളത്തില്‍ ഇറാന്‍ ആക്രമണം നടത്തി. ഇതേ തുടര്‍ന്ന് യുഎഇ വിമാനങ്ങള്‍ റദ്ദാക്കി. യുഎഇയിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. എയര്‍സ്‌പേസ് അടച്ചുവെന്ന് എയര്‍റഡാര്‍ സൈറ്റുകള്‍. അതേസമയം വ്യോമപാത അടച്ചതായി ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. ഇറാന്റെ ആക്രമണത്തിന് മുമ്പ് തന്നെ ഖത്തര്‍ അന്താരാഷ്ട്ര വ്യോമപാത അടച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ ബഹ്‌റൈനും കുവൈറ്റും വ്യോമപാത അടച്ചിട്ടുണ്ട്.എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദമാം, ദുബായ് സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിച്ചിട്ടുണ്ട്. അതേസമയം ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്‍ ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസില്‍ അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്. ഇത് ഖത്തറിനെതിരെയുള്ള ആക്രമണമല്ല, തീര്‍ത്തും അമേരിക്കയ്ക്ക് എതിരെയാണെന്നും ഖത്തര്‍ സൗഹൃദ രാജ്യമാണെന്നും ഇറാന്‍ പ്രതികരിച്ചിട്ടുണ്ട്. ട്രംപിന്റെ ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമറിന് പ്രത്യാക്രമണമായി ഇറാന്‍ നടത്തിയ ആക്രമണത്തെ ഓപ്പറേഷന്‍ ബഷാരത്ത് അല്‍ ഫത്ത് എന്നാണ് വിളിക്കുന്നത്. അതേസമയം ഇറാന്റെ മിസൈലുകളെ പ്രതിരോധിച്ചെന്ന് ഖത്തര്‍ അറിയിച്ചു. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടമോ ഇല്ലെന്ന് പെന്റഗണ്‍ അറിയിച്ചു.