വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് സംശയം തോന്നിയാല്‍ ബാഗ് പരിശോധിക്കുന്നതില്‍ അധ്യാപകര്‍ മടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധ്യാപകര്‍ക്ക് ഇതിനുള്ള അധികാരമുണ്ടെന്നും ഇക്കാര്യത്തിന് അധ്യാപകരെ വ്യാജ പരാതിയില്‍ കുടുക്കുമെന്ന ഭയം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തില്‍ നോട്ട് റ്റു ഡ്രഗ്സ്സ് ക്യാമ്പയിന്‍ അഞ്ചാംഘട്ടത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയേണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സമൂഹത്തിനാണെന്നും കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് അധ്യാപകര്‍ക്ക് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ബാഗ് പരിശോധിക്കാതെ ഇരിക്കുന്നത് ദോഷം ചെയ്യുമെന്ന് അധ്യാപക സംഘടനകള്‍ അടക്കം വ്യക്തമാക്കിയിരുന്നു.