ബുമ്രയ്ക്ക് അഞ്ച് വിക്കറ്റ്! ഇംഗ്ലണ്ടിനെതിരെ ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്, ബ്രൂക്കിന് സെഞ്ചുറി നഷ്ടം

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്ക് ആറ് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്ത്യയുടെ 471നെതിരെ ഇംഗ്ലണ്ട് 465ന് എല്ലാവരും പുറത്തായി. ജസ്പ്രിത് ബുമ്ര ഇന്ത്യക്ക് വേണ്ടി അഞ്ച് വിക്കറ്റെടുത്തു. ഒല്ലി പോപ്പ് (106), ഹാരി ബ്രൂക്ക് (99) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇംഗ്ലണ്ടിന് തുണയായത്. ബുമ്രയെ കൂടാതെ പ്രസിദ്ധ് കൃഷ്ണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റെടുത്തു. നേരത്തെ ശുഭ്മാന്‍ ഗില്‍ (147), റിഷഭ് പന്ത് (134), യശസ്വി ജയ്‌സ്വാള്‍ (101) എവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചിരുന്നത്.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ഇന്ന് ബാറ്റിംഗിനെത്തിയത്. എന്നാല്‍ സെഞ്ചുറിക്കാരന്‍ പോപ്പിന്റെ വിക്കറ്റ് തന്നെ ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായി. വ്യക്തിഗത സ്‌കോറിനോട് ആറ് റണ്‍സ് കൂടി ചേര്‍ത്ത് പോപ്പ് മടങ്ങി. പ്രസിദ്ധിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച്. 14 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു പോപ്പിന്റെ ഇന്നിംഗ്‌സ്. വൈകാതെ സ്റ്റോക്‌സും പവലിയനില്‍ തിരിച്ചെത്തി. ഇത്തവണ സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച്. ഇതിനിടെ ബ്രൂക്ക് നല്‍കിയ അവസരം റിഷഭ് പന്ത് വിട്ടുകളയുകയും ചെയ്തു. പിന്നാലെ ബ്രൂക്ക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.

മാത്രമല്ല, ജാമി സ്മിത്തിനൊപ്പം 73 റണ്‍സ് ചേര്‍ക്കാനും ബ്രൂക്കിന് സാധിച്ചു. എന്നാല്‍ സ്മിത്തിനെ മടക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്നെത്തിയ ക്രിസ് വോക്‌സ് (38) ബ്രൂക്കിന് പിന്തുണ നല്‍കി. ഇരുവരും 49 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇരുവരും മുന്നേറവെ പ്രസിദ്ധ് വീണ്ടും ബ്രേക്ക് ത്രൂമായെത്തി. സെഞ്ചുറിക്ക് ഒരു റണ്‍ അകലെ ബ്രൂക്ക് വീണു. രണ്ട് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തുടര്‍ന്ന് വാലറ്റക്കാരാണ് ഇംഗ്ലണ്ടിനെ 450 കടത്തിയത്. വോക്‌സ്, ബ്രൈഡണ്‍ കാര്‍സെ (22), ജോഷ് ടംഗ് (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷൊയ്ബ് ബഷീര്‍ (1) പുറത്താവാതെ നിന്നു.