നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കേസെടുത്തു

മലപ്പുറം: കാട്ടുപന്നിയെ കുടുക്കാന്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. മലപ്പുറം നിലമ്പൂരിനടുത്ത് വഴിക്കടവ് വെള്ളക്കട്ടയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു (ജിത്തു,15) ആണ് മരിച്ചത്. മനഃപ്പൂർവം അല്ലാത്ത നരഹത്യക്കാണ് മലപ്പുറം വഴിക്കടവ് പൊലീസ് കേസെടുത്തത്. എഫ്‌ഐആറിൽ പ്രതിയായി ആരുടെയും പേര് ചേർത്തിട്ടില്ല. കെണിവച്ചയാളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. രണ്ടുപേർ കസ്റ്റഡിയിലായിട്ടുണ്ട്. അനന്തുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.

ബന്ധുക്കളായ അഞ്ച് വിദ്യാർത്ഥികൾ ഫുട്‌ബോൾ കളിക്കുശേഷം മീൻ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ജിത്തുവിനൊപ്പമുണ്ടായിരുന്ന ഷാനു, യദു എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. ഇവരുടെ നില തൃപ്‌തികരമാണെന്നാണ് വിവരം. തോട്ടിൽ കുറുകെ കമ്പിയിട്ടിരുന്നുവെന്ന് പരിക്കേറ്റ് ചികിത്സയിലുള്ള യദുകൃഷ്‌ണൻ പറഞ്ഞു. അനന്തുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് തനിക്ക് ഷോക്കേറ്റതെന്നും യദു പറഞ്ഞു.

അതേസമയം, അനധികൃതമായി സ്ഥാപിച്ച വൈദ്യുതി ഫെൻസിംഗിൽ നിന്നാണ് കുട്ടികൾക്ക് ഷോക്കേറ്റതെന്നും അപകടത്തിന് പിന്നിൽ വനംവകുപ്പാണ് എന്ന് വിധിയെഴുതുന്നതിൽ ബോധപൂർവമായ ശ്രമമുണ്ടെന്നും വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. അപകടത്തിൽ സർക്കാരിനോ വനംവകുപ്പിനോ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടം നടന്നത് ഖേദകരമാണ്. സംഭവത്തെ രാഷ്ട്രീയവത്‌കരിക്കാൻ ചിലർ ശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് രാഷ്ട്രീയവത്‌കരിക്കുന്നത്. സംഭവം അന്വേഷിച്ച് വനംവകുപ്പിന് വീഴ്‌ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.