തിരുവനന്തപുരം കല്ലമ്പലത്ത് ഇരുചക്ര വാഹനത്തിൽ കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. തിരുവനന്തപുരം ബാലരാമപുരം തണ്ണിക്കുഴി സ്വദേശിയായ ബേബി ലാൻ്റിൽ 42 വയസ്സുള്ള അരുൺ പ്രകാശ് ആണ് 10 കിലോയിലധികം കഞ്ചാവ് ശേഖരവുമായി ഇന്ന് ഡാൻസാഫ് സംഘത്തിൻറെ പിടിയിലായത്.
ഇരുചക്ര വാഹനത്തിൽ ആന്ധ്രപ്രദേശിൽ നിന്നും രണ്ട് വലിയ ട്രാവൽ ബാഗുകളിൽ കഞ്ചാവ് ശേഖരവുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പ്രതിയെ കല്ലമ്പലം തട്ടുപാലത്തിന് സമീപം വച്ച് ഇന്ന് രാവിലെ ഡാൻസാഫ് സംഘം പിടികൂടുകയായിരുന്നു.
ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന അരുൺ പ്രകാശിനെ വാഹനത്തിൽ പിന്തുടർന്നെത്തിയ ഡാൻസാഫ് സംഘം കല്ലമ്പലത്ത് തട്ടുപാലത്തിന് സമീപത്ത് വച്ച് വാഹനം തടഞ്ഞ് അതിസാഹസികമായാണ് പിടികൂടിയത്.
അരുൺ പ്രകാശ് വിശാഖപട്ടണത്ത് മയക്കുമരുന്ന് കേസിൽപ്പെട്ട് നാലര വർഷം ആന്ധ്ര ജയിലിൽ കിടന്നിരുന്നു. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിനേ തുടർന്ന് വീണ്ടും ഇയാളെ ബാലരാമപുരത്ത് 10 കിലോയിലധികം കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്ന ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് ഇപ്പോൾ വീണ്ടും കഞ്ചാവ് കടത്താൻ ശ്രമിച്ചത്.