പത്തനംതിട്ട തിരുവല്ല റവന്യൂ ടവര്‍ പരിസരത്ത് തെരുവുനായ ആക്രമണം. രണ്ടുപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ട്രഷറി ജീവനക്കാരന്‍ കെ പി മനോജ് കുമാര്‍, ആഞ്ഞിലത്താനം സ്വദേശി പി കെ രാജു എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇരുവരും തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് റവന്യൂ ടവറിന്റെ പ്രധാന കവാടത്തിന് സമീപം തെരുവ് നായയുടെ ആക്രമണം ഉണ്ടായത്
ട്രഷറിയുടെ സമീപം വെച്ച് ആദ്യം മനോജിനെയാണ് തെരുവുനായ ആക്രമിച്ചത്. മനോജിന്‌റെ കൈപ്പത്തിയും കാല്‍പ്പാദവും തെരുവുനായ കടിച്ചു പറിച്ചു. മനോജിന്‌റെ ബഹളം കേട്ട് രക്ഷിക്കാന്‍ റവന്യൂ ടവറില്‍ നിന്നും ഓടിയെത്തിയ രാജുവിനെയും തെരുവുനായ ആക്രമിച്ചു. രാജുവിന്‌റെ തുടയുടെ പിന്‍ഭാഗത്താണ് കടിയേറ്റത്. ഉടന്‍ തന്നെ കൈയ്യിലിരുന്ന കുട ഉപയോഗിച്ച് രാജു നായയെ അടിച്ച് ഓടിക്കുകയായിരുന്നു.