സുരക്ഷാ ഭീഷണിയായി അനധികൃത വാക്കി ടോക്കി, ഓൺലൈനിൽ വില്പന സജീവം

കൊച്ചി: ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശങ്ങൾ വകവയ്ക്കാതെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അനധികൃത വാക്കി ടോക്കികളുടെ വില്പന സജീവം. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ ലൈസൻസും സർക്കാർ അംഗീകൃത ഫ്രീക്വൻസിയും നേടാത്ത വാക്കി ടോക്കികളാണിവ. അംഗീകൃതമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വില്പന. ഇതറിയാതെ ഇവന്റ് മാനേജ്മെന്റ്, ഷൂട്ടിംഗ് സംഘങ്ങൾ, കൺസ്ട്രക്ഷൻ കരാറുകാർ ഉൾപ്പെടെ ഇതുവാങ്ങി ഉപയോഗിക്കുന്നുണ്ട്. അംഗീകൃത നിർമ്മാതാക്കൾ നിയമപരമായ മുന്നറിയിപ്പടക്കം നൽകിയാണ് വിൽക്കുന്നത്.

സുരക്ഷാ ഭീഷണി ഉയർത്തുന്ന ഡീ-ലൈസൻസ്ഡ് ഫ്രീക്വൻസിയിലാണ് അനധികൃത വാക്കി ടോക്കികളുടെ പ്രവർത്തനം. അതിനാൽ, ദേശവിരുദ്ധ ശക്തികൾ ഇത് ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുണ്ട്. പത്തു കിലോമീറ്റർ റേഞ്ചുള്ളവ വരെ ഇത്തരത്തിൽ ലഭ്യമാണ്. ഓപ്പറേഷൻ സിന്ദൂർ നടന്ന സമയത്ത് ഇതുമായി ബന്ധപ്പെട്ട് 13 പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം നോട്ടീസ് നൽകിയിരുന്നു. അനധികൃത വില്പന തടയാൻ മേയ് അവസാനം മാർഗനിർദ്ദേശവും പുറത്തിറക്കിയിരുന്നു.

അംഗീകാരമില്ലാത്ത ഫ്രീക്വൻസി

അംഗീകാരമില്ലാത്ത ഫ്രീക്വൻസിയിൽ ദേശവിരുദ്ധശക്തികൾ ആശയവിനിമയം നടത്തിയേക്കാം

സുരക്ഷാ ഏജൻസികളുടെ സന്ദേശങ്ങൾ പിടിച്ചെടുക്കാനോ തടസപ്പെടുത്താനോ ഉള്ള സാദ്ധ്യത

വില്പന തുടർന്നാൽ

കനത്ത പിഴ

ലൈസൻസില്ലാത്ത ഉപകരണം ഉപയോഗിച്ചാലുണ്ടാകുന്ന നിയമനടപടികൾ സംബന്ധിച്ച മുന്നറിയിപ്പ് വില്പന സൈറ്റുകളിൽ നൽകണം. അനധികൃത വില്പന തുടർന്നാൽ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം കനത്ത പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ട്.

വാക്കി ടോക്കിക്ക് വേണ്ടത്

1.കേന്ദ്ര ലൈസൻസ്

2.അംഗീകൃത ഫ്രീക്വൻസി

3.എക്യുപ്മെന്റ് ടൈപ്പ് അപ്രൂവൽ