വെടിനിർത്തൽ അംഗീകരിച്ച് ഇസ്രയേലും; ട്രംപിനും അമേരിക്കയ്ക്കും നന്ദി പറഞ്ഞ് നെതന്യാഹു

ടെല്‍ അവീവ്: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നുവെന്ന് നെതന്യാഹു അറിയിച്ചതായാണ് റിപ്പോര്‍ട്ട്.ഇറാനെ ആക്രമിക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ ഫലം കണ്ടതിന് ശേഷമാണ് വെടിനിര്‍ത്തല്‍ അംഗീകരിച്ചിരിക്കുന്നതെന്ന് ഇസ്രയേലിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ സൈനിക നേതൃത്വത്തെയും നിരവധി കേന്ദ്രങ്ങളെയും ആക്രമിച്ചെന്നും ഇസ്രയേല്‍ അറിയിച്ചു.അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും അമേരിക്കയ്ക്കും നെതന്യാഹു നന്ദി അറിയിച്ചു. പ്രതിരോധത്തിലെ പിന്തുണയ്ക്കും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതില്‍ പങ്കാളിയായതിനും നന്ദി പറയുന്നതായി നെതന്യാഹു പ്രസ്താവനയില്‍ അറിയിച്ചു.