അഹമ്മദാബാദ്: പ്രണയാഭ്യർത്ഥന നിരസിച്ച യുവാവിന് പണികൊടുക്കാൻ എഞ്ചിനീയറിംഗ് ബിരുദധാരിയായ യുവതി നടത്തിയത് സിനിമ കഥകളെപ്പോലും വെല്ലുന്ന സാഹസങ്ങൾ. റോബോട്ടിക്സ് എഞ്ചിനിയറായ യുവതിയുടെ വ്യാജ ഭീഷണി സന്ദേശങ്ങളിൽ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ പൊലീസ് സംവിധാനങ്ങളാണ് ഏറെനാൾ മുൾമുനയിൽ നിർത്തിയത്. ഒടുവിൽ അവിചാരിതമായി വരുത്തിവെച്ച ഒരു ചെറിയ പിഴവ് യുവതിയെ കുരുക്കിലാക്കുകയായിരുന്നു. ചെന്നൈ സ്വദേശിനി റെനെ ജോഷിൽഡ(30)യാണ് പിടിയിലായത്.
ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. ഇതിനിടെ ഒരു പ്രൊജക്ടിനായി ബംഗളുരുവിൽ പോയപ്പോൾ അവിടെ വെച്ച് പരിചയപ്പെട്ട ദിവിജ് പ്രഭാകർ എന്ന യുവാവിനെ പരിചയപ്പെട്ടു. പിന്നാലെ ഇയാളോട് പ്രണയം തുറന്നുപറഞ്ഞെങ്കിലും ദിവിജ് നിരസിച്ചു. ഫെബ്രുവരിയിൽ ദിവിജ് മറ്റൊരാളെ വിവാഹം ചെയ്തതോടെ എങ്ങനെയും പ്രതികാരം ചെയ്യണമെന്ന ചിന്ത മാത്രമായി യുവതിക്ക്. ദിവിജ് പ്രഭാകരന്റെ പേര് വെച്ച് നിരവധി വ്യാജ ഇ മെയിൽ ഐഡികൾ ഇവർ ഉണ്ടാക്കി. ഇതിൽ നിന്ന് സ്കൂളുകളിലേക്കും ആശുപത്രികളിലേക്കും കായിക കേന്ദ്രങ്ങളിലേക്കുമൊക്കെ ബോംബ് ഭീഷണി സന്ദേശം അയക്കുകയായിരുന്നു.
അഹമ്മദാബാദിൽ മാത്രം നരേന്ദ്രമോദി സ്റ്റേഡിയം ഉൾപ്പെടെ 21 സ്ഥലങ്ങൾ ബോംബ് വെച്ച് തകർക്കുമെന്ന് ഇവർ സന്ദേശമയച്ചു. വിവിഐപികളുടെ സന്ദർശനങ്ങൾക്ക് മുന്നോടിയായി 11 സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള ഭീഷണി സന്ദേശങ്ങളെത്തി. ഇത് അധിക സുരക്ഷാ സന്നാഹങ്ങൾ പൊലീസിന് ഒരുക്കേണ്ട സാഹചര്യമുണ്ടാക്കി. മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട്, ഡൽഹി, കർണാടക, കേരളം, ബിഹാർ, തെലങ്കാന, പഞ്ചാബ്, മദ്ധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൊക്കെ പല കാലങ്ങളിലായി യുവതിയുടെ ഇ-മെയിൽ സന്ദേശങ്ങളെത്തി. ഏറ്റവുമൊടുവിൽ അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നതിന് പിന്നാലെ വിമാനം ഇടിച്ചിറങ്ങിയ മെഡിക്കൽ കോളേജ് അധികൃതർക്കും സന്ദേശം അയച്ചു. സംഭവിച്ചത് ഒരു അപകടമല്ലെന്നും തങ്ങളുടെ സംഘം നടത്തിയ അട്ടിമറിയാണെന്നുമായിരുന്നു അവകാശവാദം. ഇതോടെ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്.
ഇ മെയിൽ ഐഡികൾ ക്രിയേറ്റ് ചെയ്യാൻ യുവതി ഉപയോഗിച്ചതെല്ലാം വെർച്വൽ ഫോൺ നമ്പറുകളായിരുന്നു. ടോർ ബ്രൗസറിൽ നിന്നാണ് എന്നാൽ ഇ-മെയിലുകളും അയച്ചത്. പിടിക്കപ്പെടാതിരിക്കാൻ എല്ലാ മുൻകരുതലുകളും എടുത്തു. എന്നാൽ ഒരു തവണ ഒരേ ഐപി അഡ്രസിൽ നിന്ന് യുവതി ഒരു വ്യാജ ഇ-മെയിൽ ഐഡി തുറന്ന ശേഷം അതേ ഐപിയിൽ നിന്നു തന്നെ തന്റെ യഥാർത്ഥ ഐഡിയും തുറന്നതോടെ വ്യാജ മെയിലുകൾക്ക് പിന്നിൽ ആരാണെന്ന് സൈബർ പൊലീസ് കണ്ടെത്തി. അശ്രദ്ധമായി നടത്തിയ ഒരു ലോഗിൻ പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി അറസ്റ്റിലായത്.