നെല്ലനാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ അപ്പുക്കുട്ടൻ പിള്ളയുടെ വീട്ടിൽ വൻ മോഷണം. 40 പവൻ സ്വർണവും 5,000 രൂപയുമാണ് വലിയകട്ടയ്‌ക്കാൽ പാലത്തറ സുരേഷ് ഭവനിൽ നിന്നും മോഷണം പോയത്.
ഇന്ന് പുലർച്ചെയായിരുന്നു മോഷണം. വീട്ടുകാർ ഉറങ്ങിക്കിടക്കുന്നതിനിടെ അടുക്കള വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്നാണ് മോഷ്‌ടാവ് വീടിനുള്ളിൽ കയറിയത്. ശേഷം മുകളിലത്തെ നിലയിലെ മുറിയിൽ അലമാരയ്‌ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്‌ടിക്കുകയായിരുന്നു. അപ്പുക്കുട്ടൻ പിള്ളയും ഭാര്യയും മകനും മരുമകളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഈ വീട്ടിലാണ് താമസിക്കുന്നത്. ഇവരെല്ലാം താഴത്തെ നിലയിലാണ് കിടക്കുന്നത്. ഇക്കാര്യങ്ങളെല്ലാം അറിയുന്ന ആളാകണം മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ സംശയം
ശബ്‌ദം കേട്ട് അപ്പുക്കുട്ടൻ പിള്ളയുടെ മരുമകൾ എത്തിയപ്പോഴേക്കും ഒരു നിഴൽ മാത്രമാണ് കണ്ടത്. തുടർന്ന് മറ്റുള്ളവരെ വിളിച്ചുണർത്തി നോക്കിയപ്പോൾ കമ്പിപ്പാരയും പണം സൂക്ഷിച്ചിരുന്ന കവറും സ്വർണം വച്ചിരുന്ന ബാഗും അടുത്തുള്ള പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.