ആറ്റിങ്ങൽ: ഒരു നാടുമുഴുവൻ ഒരു വിദ്യാലയത്തിൽ പുതിയ പ്രതീക്ഷകളുമായി ഒരുമിച്ചപ്പോൾ ഉപജില്ലാ പ്രവേശനോത്സവം ഗംഭീരമായി. ഒന്നിച്ച് ഒന്നായ് ഒന്നാവാം പ്രവേശനോത്സവത്തിന്റെ ആറ്റിങ്ങൽ സബ്ജില്ലാതല ഉദ്ഘാടനം ആലംകോട് ഗവ എൽപിഎസിൽ വച്ച് നടന്നു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ വർഷമായി ആചരിക്കുന്ന അധ്യയന വർഷത്തിന്റെ പ്രവേശനോത്സവ ചടങ്ങുകൾ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം നിർവഹിച്ചു. എസ്എം സി ചെയർമാൻ നാസിം അധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ്മിസ്ട്രസ് ശ്രീമതി റീജാ സത്യൻ സ്വാഗതം പറഞ്ഞു. നവാഗതരെ ജനപ്രതിനിധികളും വികസന സമിതി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. മേലാറ്റിങ്ങൽ ക്ലസ്റ്റർ കോർഡിനേറ്റർ മായ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. നവാഗതരായ കുരുന്നുകൾ അക്ഷരദീപം തെളിയിച്ചു. വികസന സമിതി- പിടിഎ കൂട്ടായ്മയുടെ നേതൃത്വത്തിൽ നവാഗതർക്ക് ബാഗുകളും സമ്മാന പൊതികളും മധുരവും നൽകി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ നജാം, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗിരിജ, വാർഡ് കൗൺസിലർ ലൈല ബീവി, സ്കൂൾ വികസന സമിതി കൺവീനർ നസീർ, വികസന സമിതി എക്സിക്യൂട്ടീവ് മെമ്പർ വഹാബ്, ഫെഡറൽ ബാങ്ക് മാനേജർ നിമ്മി തമ്പി ആശംസകൾ പറഞ്ഞു. ലഹരിക്കെതിരെ ബോധവൽക്കരണത്തിനായി സ്ഥാപിച്ച സിഗ്നേച്ചർ ബോർഡിൽ രക്ഷകർത്താക്കളും വിദ്യാർത്ഥികളും അതിഥികളും കയ്യൊപ്പിട്ടു.