പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി

പുതുക്കുറിച്ചിയില്‍ വള്ളം തലകീഴായി മറിഞ്ഞ് അപകടം. ഒരാളെ കാണാതായി. നാല് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 6.30ഓടെയാണ് സംഭവം.

പുതുക്കുറിച്ചി തെരുവില്‍ തൈവിളാകം വീട്ടില്‍ ആന്റണി(65)യെയാണ് കാണാതായത്. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തിരച്ചില്‍ തുടരുകയാണ്. മത്സ്യബന്ധനത്തിനായി പോകുമ്പോഴായിരുന്നു അപകടം.

അതിനിടെ, വൃഷ്ടി പ്രദേശത്തെ ശക്തമായ മഴ തുടരുന്നതിനാല്‍ പാലക്കാട് മലമ്പുഴ, മീങ്കര ഡാമുകളുടെ ഷട്ടറുകള്‍ ഇന്ന് തുറന്നേക്കും. ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിനാല്‍ കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കനത്ത ജാഗ്രത നിര്‍ദേശം നൽകി. മീങ്കര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഒരു സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുക.

അതേസമയം, പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് ആലുവ ശിവക്ഷേത്രം മുങ്ങി. എറണാകുളത്ത് ദേശീയപാതയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഏലൂര്‍ ബോസ്‌കോ കോളനി, പവര്‍ലൂം, അംഗന്‍വാടി എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറി. ഇവിടെനിന്ന് 30 ഓളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. പറവൂര്‍ കടുങ്ങല്ലൂര്‍ വില്ലേജ് പരിധിയില്‍ 40 ഓളം വീടുകളില്‍ വെള്ളം കയറി. പുത്തന്‍വേലിക്കര വില്ലേജ് പരിധിയില്‍ എളന്തിക്കര, ചാലാക്ക എന്നിവിടങ്ങളിലും വെള്ളം കയറി. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

അതിനിടെ, വയനാട് ചൂരൽമല ബെയ്‌ലി പാലത്തിന്റെ ഗാബിയോണ്‍ ഭിത്തിക്ക് വിള്ളലുണ്ടായി. അടിത്തറയിലിട്ട മണ്ണ് ഒലിച്ചു പോയി. ജെ സി പി ഉപയോഗിച്ച് മണ്ണ് നികത്തിയിട്ടുണ്ട്.