അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി; മുൻ അധ്യാപകന് പിന്നാലെ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനും അറസ്റ്റിൽ

കോട്ടയം: അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി വാങ്ങിയ കേസിൽ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ.പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്‍റ് സെഷൻ ഓഫീസർ സുരേഷ് ബാബു ആണ് അറസ്റ്റിലായത്. കോട്ടയം വിജിലൻസ് യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വടകര സ്വദേശിയായ മുൻ അധ്യാപകൻ വിജയൻ നേരത്തെ പിടിയിലായിരുന്നു. ഫയലുകൾ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പരാതിക്കാരിൽ നിന്നും ഒന്നര ലക്ഷം രൂപയാണ് പ്രതികൾ കൈക്കൂലിയായി വാങ്ങിയത്.കേസിൽ റിട്ടയേഡ് അധ്യാപകനായ കോഴിക്കോട് സ്വദേശി കെപി വിജയനെ നേരത്തെ വിജിലന്‍സ് പിടികൂടിയിരുന്നു. കോട്ടയത്തെ മൂന്ന് അധ്യാപകരുടെ പുനർനിയമനം ക്രമപ്പെടുത്താൻ സെക്രട്ടേറിയേറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നൽകാനെന്ന് പറഞ്ഞാണ് വിജയൻ 1.5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതെന്ന് വിജിലൻസ് അറിയിച്ചു. ഈ സംഭവത്തിലാണ് സെക്രട്ടറിയേറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ കൂടി ഇപ്പോള്‍ പിടിയിലാകുന്നത്.

എയ്ഡഡ് ഹയർ സെക്കന്‍ഡി സ്കൂളിലെ മൂന്ന് അധ്യാപകരുടെ പുനർ നിയമനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച നടപടി ക്രമങ്ങൾ തിരുവനന്തപുരം സെക്രട്ടേറിയേറ്റിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ നടന്നുവരികയായിരുന്നു. സെക്രട്ടേറിയേറ്റിൽ നിന്നാണെന്ന് പറഞ്ഞ് വിജയൻ ഇതിൽ ഒരു അധ്യാപകനെ ഫോണിൽ വിളിച്ചു. ഫയലിൽ പ്രശ്നങ്ങളുണ്ടെന്നും കാലതാമസമുണ്ടാകുമെന്നും മറ്റ് രണ്ട് അധ്യാപകരെയും കൂട്ടി തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിൽ എത്തണമെന്നും പറഞ്ഞു. തുടർന്ന് അധ്യാപകർ കോട്ടയം പാലാ സ്വദേശിയും അധ്യാപക സംഘടനാ നേതാവുമായ പരാതിക്കാരനെ ഫയലുകൾ ശരിയാക്കുന്നതിന് ചുമതലപ്പെടുത്തി.തുടർന്ന് പരാതിക്കാരൻ സെക്രട്ടേറിയേറ്റിന് സമീപം എത്തി വിജയനെ വിളിച്ച് നേരിൽ കണ്ടു. പരാതിക്കാരന്‍റെ മുന്നിൽ വച്ച് സെക്രട്ടേറിയറ്റിലെ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് സംസാരിച്ചു. ഉദ്യോഗസ്ഥർക്ക് നൽകാൻ 1.5 ലക്ഷം രൂപ കൈക്കൂലി നൽകണമെന്ന് പറഞ്ഞു. 

മെയ് 31ന് സെക്രട്ടേറിയറ്റിലെ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞയാൾ പുനർ നിയമനം ക്രമപ്പെടുത്തിയ ഉത്തരവിന്‍റെ പകർപ്പ് പരാതിക്കാരന് നൽകി. നിയമന ഉത്തരവ് കാലതാമസം കൂടാതെ ശരിയാക്കിയതിന് ചെലവുണ്ടെന്നും തുക ഏജന്റായ വിജയനെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ടെന്നും പരാതിക്കാരൻ വിജിലന്‍സിനെ അറിയിച്ചിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്‍റ് സെഷൻ ഓഫീസർ സുരേഷ് ബാബുവാണ് മുൻ അധ്യാപകനായ വിജയനൊപ്പം ചേര്‍ന്ന് കൈക്കൂലി വാങ്ങിയതെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്.