കാട്ടാക്കട:പരീക്ഷാപ്പേടിയിൽ നാടുവിട്ട കോളേജ് വിദ്യാർത്ഥിനിക്ക് രക്ഷകരായായി കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ജീവനക്കാർ.കണ്ടക്ടർ സജി മോസസ്,ഡ്രൈവർ എച്ച്. അനിൽകുമാർ എന്നിവരാണ് കുട്ടിക്ക് തുണയായത്.
തമിഴ്നാട്ടിൽ അകപ്പെട്ട് പോകുമായിരുന്ന പെൺകുട്ടിയെ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് ജീവനക്കാർ.
തമ്പാനൂർ നിന്ന് തെങ്കാശിക്ക് പുറപ്പെട്ട ഫാസ്റ്റ് ബസിൽ ഇന്നലെ ഉച്ചയ്ക്ക് 2ന്, റിസർവേഷൻ സീറ്റിൽ ഒരു പെൺകുട്ടി ഇരിക്കുന്നത് കണ്ട തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടർ സജി മോസസ് വിദ്യാർത്ഥിയോട് മാറിയിരിക്കാൻ ആവശ്യപ്പെട്ടു. പിന്നാലെ എവിടെയാണ് ഇറങ്ങേണ്ടതെന്നും തിരക്കി.തെങ്കാശിയിലേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ പെൺകുട്ടിക്ക് അനുയോജ്യമായി സീറ്റ് നൽകി.
ഏകദേശം 5.30തോടെ തെങ്കാശിയിലെത്തി. വിദ്യാർത്ഥിനിയും ഇറങ്ങി. 6.20തോടെ ബസ് തിരികെ പുറപ്പെടാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിൽ തെങ്കാശി സ്റ്റാൻഡിൽ വച്ച് ഡ്രൈവറാണ് ബസിൽ വന്ന പെൺകുട്ടി സ്റ്റാൻഡിൽ അലഞ്ഞ് നടക്കുന്നത് കണ്ടത്.
ജീവനക്കാർ ബസിൽ നിന്നിറങ്ങി പെൺകുട്ടിയോട് കാര്യം തിരക്കി.തെങ്കാശി കാണാൻ വന്നതാണെന്നായിരുന്നു മറുപടി. സംശയത്തിൽ ജീവനക്കാർ കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോൾ പെൺകുട്ടിയുടെ കണ്ണുകൾ നിറഞ്ഞു.
ഇതോടെ എനിക്ക് ഇന്ന് ഡിഗ്രി പരീക്ഷയായിരുന്നുവെന്നും,നല്ല പാടായിരുന്നു, തോൽക്കുമെന്ന പേടി കാരണം നാട് വിട്ടതാണെന്നും മറുപടി നൽകി. ആശ്വസിപ്പിച്ച ജീവനക്കാർ മീനാങ്കൽ സ്വദേശിയായ പെൺകുട്ടിയുടെ അച്ഛനെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചു.തിരികെയുള്ള ട്രിപ്പിൽ കുട്ടി കാണുമെന്നും നന്ദിയോട് വന്നു കുട്ടിയെ കൂട്ടികൊണ്ട് പോകണമെന്നും ജീവനക്കാർ അറിയിച്ചു.രാത്രിയോടെ നന്ദിയോടെത്തി അച്ഛനും, അമ്മയ്ക്കുമൊപ്പം കുട്ടിയെ വിട്ടയച്ചു.