ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നെത്തി മിനാ താഴ് വരയിൽ തങ്ങിയ തീർഥാടക ലക്ഷങ്ങൾ ബുധനാഴ്ച രാത്രി മുതലേ അറഫ മൈതാനി ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയിരുന്നു. മധ്യാഹ്ന൦ മുതൽ സൂര്യാസ്തമനം വരെയാണ് അറഫയിൽ ഹാജിമാർ സമ്മേളിക്കുക. പ്രവാചകൻ മുഹമ്മദ് നബി ഹജ്ജ് വേളയിൽ നടത്തിയ ചരിത്രപ്രധാനമായ പ്രഭാഷണത്തെ അനുസ്മരിച്ചാണ് മസ്ജിദുനമിറയിലെ അറഫ പ്രഭാഷണം. ബുധനാഴ്ച രാത്രി മുതൽ അറഫയിലേക്ക് ആരംഭിച്ച തീർഥാടക പ്രവാഹം വ്യാഴാഴ്ച ഉച്ചവരെ നീളും. അറഫയിലേക്കുള്ള ഒരോ വഴിയും ചെറുതും വലുതുമായ തീർഥാടക സംഘങ്ങളെ കൊണ്ട് കവിഞ്ഞൊഴുകുകയാണ്. ശരീരം അറഫയിൽ എത്തിയില്ലെങ്കിലും ലോകത്തിന്റെ വിവിധ കോണുകളിലുള്ള വിശ്വാസ ലക്ഷങ്ങൾ മനസ് കൊണ്ട് അറഫയിലെത്തും.ഭക്ഷണം ഉപേക്ഷിച്ച് വ്രതമെടുക്കുന്ന വിശ്വാസികൾ ഹജ്ജിനോട് ഐക്യപ്പെടും. സൂര്യാസ്തമയം കഴിഞ്ഞാൽ ഉടൻ തീർഥാടകർ മുസ്ദലിഫയിലേക്ക് നീങ്ങും. ആകാശം മേൽക്കൂരയാക്കി രാത്രി അവിടെ വിശ്രമിച്ച ശേഷം ഞായറാഴ്ച പുലർച്ചെ ജംറയിൽ പിശാചിനെ കല്ലെറിഞ്ഞ്, മുടി മുറിക്കുന്നതോടെ ഹജ്ജിന് അർദ്ധവിരാമമാവും. ശേഷം മിനായിലെ കൂടാരത്തിലേക്ക് തിരിച്ചെത്തി വിശ്രമിച്ച ശേഷമാണ് മറ്റു കർമങ്ങൾ പൂർത്തിയാക്കുക.