വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാരെ സസ്‌പെന്‍ഡ് ചെയ്തു

അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയെ ജാതീയമായി അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാരെ സസ്‌പെന്‍ഡ് ചെയ്തു. കാസര്‍കോട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനെതിരെയാണ് നടപടി. ഫെയ്‌സ്ബുക്ക് വഴിയാണ് പവിത്രന്‍ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ചത്.
ഉപയോഗിക്കാന്‍ പാടില്ലാത്ത പദപ്രയോഗങ്ങളിലൂടെയാണ്, പവിത്രന്‍ നഴ്‌സായ രഞ്ജിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചത്. അനുശോചന പോസ്റ്റിന് താഴെയായിരുന്നു പവിത്രന്‍ മോശമായ കമന്റിട്ടത്. അധിക്ഷേപ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ മുഖ്യമന്ത്രിക്കും മറ്റും നിരവധി പരാതികള്‍ ഓണ്‍ലൈനായും മറ്റും ലഭിച്ചിരുന്നതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഇയാളെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.