വർക്കല അയിരൂരിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച അമ്മാവൻ അറസ്റ്റിൽ.

വർക്കല: വർക്കല അയിരൂരിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച അമ്മാവൻ അറസ്റ്റിൽ. കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് കുട്ടിയുടെ അമ്മാവനായ 42കാരനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കലയ്ക്ക് സമീപമാണ് സംഭവം. വയറുവേദനയെ തുടർന്ന് ഇന്നലെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്.തുടർന്ന് ആശുപത്രി അധികൃത‍ർ അയിരൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടി സ്‌കൂളിൽ നിന്നും തിരികെ വീട്ടിലെത്തുന്ന സമയം വീട്ടിൽ ആരും ഉണ്ടാകാറില്ലായിരുന്നു. ഈ സമയത്താണ് 42കാരനായ പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്. ഇന്നലെ കുട്ടിയിൽ നിന്ന് മൊഴിയെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

പ്രതി ഭാര്യയുമായി പിണങ്ങി സഹോദരിയോടൊപ്പമാണ് അഞ്ച് മാസമായി താമസിക്കുന്നത്. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി കുട്ടി പൊലീസിനോട് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികളിലാണെന്ന് അയിരൂർ പൊലീസ് അറിയിച്ചു. മറ്റൊരു സംഭവത്തിൽ ചികിത്സക്കെത്തിയ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കോഴിക്കോട് ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിലായി. ഇടുക്കി സ്വദേശിയായ ഷിന്റോ തോമസിനെ(42) യാണ് കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.